ബര്‍ലിന്‍: ജര്‍മന്‍ പട്ടണമായ അന്‍സാബാക്കിലെ ഒരു ബാറിന് സമീപം ചാവേര്‍ സ്ഫോടനം നടത്തിയ സിറിയന്‍ യുവാവ് മരിച്ചു. മറ്റ് 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബവേറിയ സംസ്ഥാനത്തെ നൂറെംബര്‍ഗിന് സമീപമുള്ള അന്‍സാബാക്കിലെ യൂഗെന്‍സ് വൈന്‍ ബാറിന് സമീപമാണ് സ്ഫോടനം നടന്നത്.
അന്‍സ്ബാക്ക് ഓപ്പണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പരിപാടി നടക്കുന്നതിന് തൊട്ടടുത്താണ് സ്ഫോടനത്തെത്തുടര്‍ന്ന് സംഗീത പരിപാടി നടക്കുന്ന വേദിയില്‍ നിന്ന് 2000 പേരെ ഒഴിപ്പിച്ചു.
27 വയസുള്ള ഒരു സിറിയന്‍ അഭയാര്‍ഥി യുവാവാണ് സ്ഫോടനം നടത്തിയത്. ജര്‍മനിയില്‍ അഭയം നിഷേധിക്കപ്പെട്ട ഇയാള്‍ പ്രതികാരമായാണ് സ്ഫോടനം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു ബാഗിലൊളിപ്പിച്ച ബോംബുമായാണ് ഇയാള്‍ എത്തിയത്. ഒരു വര്‍ഷം മുമ്പ് ജര്‍മനിയിലെത്തിയ ഇയാള്‍ രണ്ട് തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ പേര് വിവരം പുറത്ത് വി്ട്ടിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബവേറിയയില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. വെള്ളിയാഴ്ച മ്യൂണിക്കിലെ ഷോപ്പിംഗ് മാളില്‍ നടന്ന വെടിവെപ്പില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് വൂവെര്സ്ബര്ഗില് ട്രയിനിലുണ്ടായ കോടാലി ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post