അഹമ്മദാബാദ് : ഗുജറാത്തില്‍ ന്യൂനപക്ഷക്കാരനെ മുഖ്യമന്ത്രിയാക്കി ബിജെപി ലക്ഷ്യമിടുന്നത് ഭൂരിപക്ഷ വോട്ടുകളും ദളിത് വോട്ടുകളും, ജൈനമതക്കാരനായ വിജയ് രൂപാനി സൗരാഷ്ട്രയില്‍ നിന്നുള്ള നേതാവാണ്. ഗുജറാത്തിലെ ഏറ്റവും കരുത്തുറ്റ നേതാവായാണ് വിജയ് രൂപാനിയെ വിലയിരുത്തുന്നത്.
പട്ടേല്‍ സമുദായത്തിന് മേല്‍കൈ ഉള്ള സൗരാഷ്ട്രമേഖലയില്‍ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകുന്നതോടെ പട്ടേല്‍ സമുദായത്തിന്റെ പിന്തുണ നിലനിര്‍ത്താനാകും എന്നാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ആദര്‍ശധീരമായ വിജയ് രൂപാനി ഒന്നര വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നിലനിര്‍ത്തുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. ഗുജറാത്തില്‍ ബിജെപിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച നേതാവ് എന്ന നിലയില്‍ തന്നെയാണ് രുപാനി വിലയിരുത്തപ്പെടുന്നത്. നിതിന്‍ പട്ടേലിന് ഉപമുഖ്യമന്ത്രിയാക്കി എല്ലാ തല്ത്തിലും ഉള്ള ഐക്യം ബിജെപി ലക്ഷ്യമിടുന്നു,
എബിവിപിയിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിജയ് രൂപാനി ആര്‍എസ്എസ് പ്രവര്ത്തകന് എന്ന നിലയിലും സജീവമായിരുന്നു. സാദാരണക്കാരായ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിജയ് രൂപാനി ദളിത് എതിര്‍പ്പുകളെ ഇല്ലാതാക്കി ഭരണം സുഗമമാക്കാന്‍ കഴിയുന്ന നേതാവാണ്.
കഴിഞ്ഞ മന്ത്രിസഭയില്‍ ഗതാഗത വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും ചുമതലയുളള മന്ത്രിയായിരുന്നു വിജയ് രൂപാനി. 2014 ല്‍ വാജുഭായ് വാല കര്‍ണാടക ഗവര്‍ണര്‍ ആയി നിയമിതനായതിനെ തുടര്‍ന്നാണ് രാജ്കോട്ട് വെസ്റ്റ് സീറ്റില്‍ നിന്നും വിജയ് രൂപാനി നിയമസഭയില്‍ എത്തിയത്.
ആര്‍എസ്എസിലൂടെ പൊതുസേവന രംഗത്തെത്തിയ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ഫിനാന്‍സ് ബോര്‍ഡിന്റെ ചെയര്‍മാനായും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിജെപി സവര്‍ണരാഷ്ട്രീയത്തെ പ്രതിനിധകരിക്കുന്നുവെന്ന എതിര് പാര്‍ട്ടികളുടെ വിമര്‍ശനത്തെ തടയാന്‍ വിജയ് രൂപാനിയുടെ സ്ഥാനമേല്ക്കലോടെ കഴിയുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി നല്കുന്ന പരിഗണനയുടെ തെളിവായി ദേശീയ തലത്തില്‍ തന്നെ ഇത് ഉയര്‍ത്തി കാണിക്കാനാകും. ന്യൂനപക്ഷ പ്രീണനം നടത്തുന്ന പ്രതിപക്ഷ കക്ഷികള്‍ക്ക് ശക്തമായ മറുപടി നല്കാന് ഇതുവഴി കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
Discussion about this post