ഈരാറ്റുപേട്ടയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നസീറിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി.
ഡിവൈഎഫ്ഐ ബ്ലോക് സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ് ഇന്ന് പോലിസില്‍ കീഴടങ്ങിയത്. ഡിവൈഎഫ്ഐ ബ്ലോക് സെക്രട്ടറി ഇലവുങ്കല്‍ നവാസും കീഴടങ്ങിയവരില്‍ ഉള്‍പ്പെടും.
ജബാര്‍, സുബൈര്‍, ഫസല്‍,അജ്മല്‍,അഹമ്മദ് എന്നിവരാണ് കീഴടങ്ങിയവര്‍. നേരത്തെ നവാസ് ഗുരുതരാവസ്ഥില്‍ കഴിയുമ്പോള്‍ ഇവരെ അറസ്റ്റ് ചെയ്ത് പോലിസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയിച്ചിരുന്നു. ആയുധമില്ലാതെ ആക്രമിച്ചു എന്ന് പറഞ്ഞ് സ്റ്റേഷന് ജാമ്യം അനുവദിച്ചത് രാഷ്ട്രീയ ഇടപെടല്‍ മൂലമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
രണ്ടു ദിവസം മുമ്പ് നസീര്‍ ആശുപത്രിയില്‍ മരിച്ചതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. കേസ് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നുവെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തി. പിണറായി വിജയന് വന്നാലും മൃതദേഹം കാണിക്കില്ലെന്ന് സഹോദരന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം തിരിച്ചടിയായതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. പൂഞ്ഞാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പരാതി നല്‍കുകയും പോസറ്റര്‍ ഒട്ടിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മാരകമായി പരിക്കേറ്റ നസീര്‍ പിന്നീട് ചികിത്സയിലിരിക്കേ മരിച്ചു.
Discussion about this post