ഡല്‍ഹി: രാഷ്ട്രത്തിന്റെ പ്രഥമപൗരന് രാഷ്ട്രപതിയാണെങ്കിലും ശമ്പളത്തിന്റെ കാര്യം വരുമ്പോള്‍ അത്ര ഒന്നാമനല്ല രാഷ്ട്രപതി. കാരണം നാലരലക്ഷം രൂപവരെ മാസ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലുള്ളപ്പോള്‍ വെറും 1.50 ലക്ഷം മാത്രം മാസ ശമ്പളമുള്ള രാഷ്ട്രപതിക്ക് പ്രഥമപൗരന് എന്നത് പേരിന് മാത്രമാണ് എന്നത്കൊണ്ട് തന്നെ.
ഇതില്‍ ശമ്പളമൊന്നും വാങ്ങാതെ തന്റെ ജനങ്ങളെ സേവിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇവരില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥയായി നില്‍ക്കുന്നത്. തന്റെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് മമത ബാനര്‍ജി ചെയ്യുന്നത്. എം.എല്‍.എ ആയിരുന്നപ്പോഴും മമത തനിക്ക് ലഭിച്ച ശമ്പളം വാങ്ങിച്ചിരുന്നില്ല.
എന്നാല്‍ എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത ഒരു രൂപ മാത്രമാണ് ശമ്പളമായി വാങ്ങുന്നത്. അതേസമയം എം.എല്‍.എമാര്‍ക്ക് 55,000 രൂപ മാസശമ്പളം കിട്ടുന്നുണ്ട്. പുറമെ നിയമസഭയില്‍ എത്തുന്നതിന് 500 രൂപ ദിവസവേതനവും വര്‍ഷത്തില്‍ രണ്ട് തവണ 20,000 രൂപ വീതം ട്രെയിന്‍ യാത്രയ്ക്കായി യാത്രാബത്തയും നല്‍കുന്നുണ്ട്.
രാഷ്ട്രപതി ഒന്നരലക്ഷം രൂപ വാങ്ങുമ്പോള്‍ ഉപരാഷ്ട്രപതിക്ക് ഒന്നേകാല്‍ ലക്ഷവും ഗവര്‍ണര്‍മാര്‍ക്ക് 1.10 ലക്ഷവുമാണ് മാസശമ്പളമായി ലഭിക്കുന്നത്. എന്നാല്‍ തെലുങ്കാന മുഖ്യമന്ത്രിയുടെയും എം.എല്‍.എ മാരുടെയും ശമ്പളം കേട്ടാല്‍ ഒരു പക്ഷെ രാഷ്ട്രപതിപോലും ഞെട്ടും. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു മാസത്തില്‍ എഴുതിവാങ്ങുന്നത് 4.21 ലക്ഷമാണ്. രണ്ടേകാല്‍ ലക്ഷം രൂപ വീതം എം.എല്‍.എ മാര്‍ക്കും ലഭിക്കും.
രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ശമ്പളം. ഒന്നേമുക്കാല്‍ ലക്ഷത്തോളം മന്ത്രിമാര്‍ക്കും 71,000 രൂപ വീതം എം.എല്‍.എ മാര്‍ക്കും ലഭിക്കും. ഡല്‍ഹി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും എം.എല്‍.എ മാരുടെയും ശമ്പളം ഉയര്‍ത്തി ബില്ല് പാസ്സാക്കിയെങ്കിലും ഇതിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ല. എങ്കിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ട്. മന്ത്രിമാര്‍ക്കും ഇതേ ശമ്പളമാണ്. 88,000 രൂപ വീതം എം.എല്‍.എമാര്‍ക്കും ലഭിക്കുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് 1.01 ലക്ഷമാണ് ശമ്പളം. എം.എല്‍.എമാര്‍ക്കും എം.എല്‍.സിമാര്‍ക്കും 75,000 രൂപ പ്രതിമാസ ശമ്പളമുണ്ട്.
Discussion about this post