റിയോ ഡി ജനീറോ: 1980 മോസ്കോ ഒളിമ്പിക്സിനുശേഷം ആദ്യമായി ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് ബിയിലെ അര്‍ജന്റീന-ജര്‍മനി മത്സരം സമനിലയിലായതോടെയാണ് ഇന്ത്യക്ക് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്. ശക്തരായ ഹോളണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോറ്റിരുന്നു. അതോടെ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ ഗ്രൂപ്പില്‍ ഇനി സാധ്യതയുള്ള അര്‍ജന്റീന നിര്‍ണായകമായ മത്സരത്തില്‍ ജര്‍മനിയോട് 44 സമനില വഴങ്ങിയതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ കാനഡയെ നേരിടും. കാനഡ നേരത്തേ പുറത്തായതിനാല്‍ മത്സരം അപ്രസക്തമാണ്. എന്നാല്‍ മത്സരത്തില്‍ ജയിക്കാനായാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാം.
ഗ്രൂപ്പ് ബിയില്‍ ഹോളണ്ടും ജര്‍മനിയും ഇന്ത്യക്കൊപ്പം ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. അര്‍ജന്റീനയും അയര്‍ലന്‍ഡും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയികള്‍ നാലാമതായി ക്വാര്‍ട്ടറിലെത്തും.
1980 മോസ്ക്കോ ഒളിമ്പിക്സില്‍ വരെ എട്ടു തവണ ഗോള്‍ഡ് മെഡല്‍ നേടി കുതിച്ച ഇന്ത്യന്‍ ഹോക്കി ടീം പിന്നീടിങ്ങോട്ട് ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടില്ല. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ ഗ്രൂപ്പ് ബിയില്‍ മൂന്നാമതാണ്.
Discussion about this post