ഗസിയാബാദ് (ഉത്തര്‍പ്രദേശ്): പ്രാദേശിക ബിജെപി നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്ക്കുനേരെ ഗസിയാബാദില്‍ വെടിവെപ്പ്. ബ്രിജ്പാലിനും അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. ഗാസിയാബാദിന് സമീപമുള്ള സര്‍വോദയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബ്രിജ്പാലിന്റെ ശരീരത്തില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ പുറത്തെടുത്തു. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.
എകെ 47 തോക്കുകളും 9 എം എം പിസ്റ്റളും ഉപയോഗിച്ചാണ് അക്രമികള്‍ വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹിക്ക് സമീപം ഗാസിയാബാദില്‍ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തിയോട്ടിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ നൂറ് റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടന്നത്.
കുടുംബപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മുറാദാബാദില്‍ നിന്നും ഗാസിയാബാദിലേക്ക് കാറില്‍ പോകുകയായിരുന്ന ബ്രിജ്പാല്‍ തിയോട്ടിയയെ തടഞ്ഞുനിര്‍ത്തി അക്രമികള്‍ തുടരെത്തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വെടിയുണ്ടയേറ്റ് ഗുരുതരമായി പരുക്കേറ്റ തിയോട്ടിയയെ നോയിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റു അഞ്ച് പേര്‍ക്കും പരുക്കുണ്ട്.
സംഭവം നടന്ന പ്രദേശത്തു നിന്ന് ആറ് കിലോമീറ്റര്‍ അകലെ അക്രമികളുടേതെന്ന് കരുതുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതില്‍ നിന്നും ഒരു എകെ 47 തോക്കും തിരകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നടുക്കം രേഖപ്പെടുത്തി. ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലായണെന്നും ആത്യന്തികമായി അവര്‍ക്കാണ് അതില്‍ ഉത്തരവാദിത്തമെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ തിയോട്ടിയയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഉത്തര്‍ പ്രദേശിലെ പ്രമുഖ ബിജെപി നേതാവാണ് ബ്രിജ്പാല്‍ തിയോട്ടിയ. പാര്‍ട്ടിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ പ്രമുഖ നേതാവ് കൂടിയാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വിവിധ പാര്‍ട്ടികള്‍ ശക്തമായ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കെയാണ് ബിജെപി നേതാവിന് നേരെ ആക്രമണം നടക്കുന്നത്.
Discussion about this post