ദാനപുര്‍: ബീഹാറിലെ ദാനപുരില് അക്രമി സംഘത്തിന്റെ വെടിയേറ്റ് ബിജെപി നേതാവ് മരിച്ചു. ദാനപുരിലെ പ്രമുഖ ബിജെപി നേതാവും വ്യവസായിയുമായ അശോക് ജെയ്സ്വാലിനാണ് അക്രമി സംഘത്തിന്റെ തോക്കിനിരയായത്. ബുധനാഴ്ച വൈകീട്ട് ആറരയോട് കൂടി പ്രദേശത്തെ മാര്‍ക്കറ്റിനു സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്.
വീടിനു സമീപത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങനെത്തിയതായിരുന്നു അശോക്. ഇതേ സമയം തോക്കുമായിട്ടെത്തിയ നാല് യുവാക്കള്‍ അശോകിനെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നാല് വെടിയുണ്ടകള്‍ അശോകിന്റെ ശരീരത്തില്‍ തുളഞ്ഞു കയറി. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ അദ്ദേഹം മരണപ്പെടുകയും ചെയ്തു.
അശോകിന്റെ മരണത്തെ തുടര്‍ന്ന് ബിജെപി ദാനപുരില് വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അശോകിന്റെ കൊലപാതകികളെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാക്കളും സംസ്ഥാനത്തെ പ്രമുഖ വ്യവസായികളും ആവശ്യപ്പെട്ടു.
നിതീഷ് കുമാറിന്റെ ഭരണത്തിനു കീഴിലുള്ള ബീഹാറില്‍ അനുദിനം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഗോപാല്‍ഗഞ്ച് ജില്ലയില്‍ 13 പേര് വിഷമദ്യ കുടിച്ച് മരിച്ചിരുന്നു. സംസ്ഥാനത്ത് നിയമ നിര്‍മാണ സംവിധാനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി ആരോപിച്ചു.
Discussion about this post