കണ്ണൂര്‍ വീണ്ടും ചുവന്നു..!! ആദ്യം ഒരു ചെത്തുതൊഴിലാളിയായ സാധാരണക്കാരന്..!! നേരത്തോടു നേരം തികയുന്നതിനു മുന്‍പ് വീടുകയറി ആക്രമണത്തില്‍ ആഘാതമേറ്റ് ചികിത്സയിലായിരുന്ന ഒരു വീട്ടമ്മയും..!! കൊന്നവര്‍ക്ക് ആഘോഷിക്കാം..!! എതിര്‍പാര്‍ട്ടിയുടെ വോട്ടര്‍പട്ടികയില്‍ രണ്ടു സംഖ്യ കുറഞ്ഞു..!! വെട്ടുകൊണ്ട പാര്‍ട്ടിക്കാര്‍ക്ക് തിരിച്ചു വെട്ടാനുള്ള ലൈസന്‍സുമായി..!!
മോട്ടോര്‍ വാഹനരജിസ്ട്രേഷന് സമ്പ്രദായത്തില്‍ 13 എന്ന സംഖ്യ കൊണ്ടാണ് കണ്ണൂര്‍ പ്രതിനിധീകരിക്കപ്പെടുന്നത്..!! എന്നാല്‍ കേരളത്തിലെ രാഷ്ട്രീയസാമൂഹിക വ്യവസ്ഥ പരിഗണിക്കുമ്പോഴാണ് 13 എന്ന അശുഭസംഖ്യ കണ്ണൂരിന് കൂടുതല്‍ ചേരുക..!! വിദ്യാഭ്യാസം, രാഷ്ട്രീയവീക്ഷണം, സാമൂഹികബോധം എന്നിങ്ങനെ സമസ്തമേഖലകളിലും പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിയുടെ ചെകിട്ടത്ത് സ്ഥിരമായി ഏല്ക്കുന്ന അടിയാണ് കണ്ണൂരും അവിടത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളും അരുംകൊലകളും..!!
കണ്ണൂരിലെ ഹതഭാഗ്യരായ ജനതയ്ക്ക് വേണ്ടി ഒട്ടേറെ കണ്ണീര് ഇതിനോടകം ഒഴുകിയിട്ടുണ്ട്..!! ഓരോ കൊലക്കാലത്തിനു ശേഷവും സര്‍വകക്ഷിയോഗം, സമാധാനസംഗമം എന്നിങ്ങനെയുള്ള അടിയന്തിരചടങ്ങുകളും ആ മണ്ണില്‍ത്തന്നെ ആഘോഷിക്കപ്പെടാറുമുണ്ട്..!! പക്ഷെ ഇതൊക്കെ തൊട്ടടുത്ത നരബലി ആരംഭിക്കുന്നതിനു വരെയുള്ള നേരമ്പോക്കുകള്‍ മാത്രമാണ് എന്ന് അനുഭവങ്ങള്‍ നമ്മളെക്കൊണ്ട് പറയിക്കുന്നു..!!
ഭൂപ്രകൃതിയില്‍ അതിമനോഹരിയായ, ചരിത്രം ഉറങ്ങുന്ന കണ്ണൂരിനെ രക്തഭൂമിയാക്കിയതില് കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികള്‍ക്കും ഉത്തരവാദിത്വം ഉണ്ടെങ്കിലും അതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് സി.പി.എം / ആര്.എസ്.എസ്സും ആണെന്ന് കാണാം..!!! വിരുദ്ധആശയങ്ങളിലൂടെയെങ്കിലും മാനവികതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ തന്നെയാണ് അരുംകൊലകളുടെ പട്ടികയില്‍ ഒന്നാംനിരയിലുള്ളത് എന്നത് വലിയൊരു വൈരുദ്ധ്യം തന്നെയാണ്..!! കണ്ണൂരില്‍ ഒരു സി.പി.എം കാരന്/ആര്.എസ്.എസ് കാരന് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ചാനലില്‍ ഫ്ലാഷ് ന്യൂസായി വരുമ്പോള്‍ സമനില ഗോള്‍ എപ്പോള്‍ വരും എന്ന് ചിന്തിക്കുന്ന ലാഘവത്വത്തിലേയ്ക്ക് മലയാളി സമൂഹത്തെ മാറ്റിയെടുത്തതിന്റെ ഉത്തരവാദിത്വം ഈ രണ്ടു കൂട്ടര്‍ക്കും തന്നെ…!!!
രാഷ്ട്രീയ കൊലപാതകങ്ങള്‍ ദുരന്തമേല്പ്പിക്കാത്ത ഒറ്റവീടും ഇല്ലാത്ത ചില പ്രദേശങ്ങള്‍ കണ്ണൂര്‍ ജില്ലയുടെ ഉള്പ്രദേശങ്ങളിലുണ്ട്..!! അച്ഛനോ ഭര്‍ത്താവോ സഹോദരനോ മകനോ നഷ്ടപ്പെടാത്ത കുടുംബങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം..!! പലപ്പോഴും പ്രത്യക്ഷരാഷ്ട്രീയം ഇല്ലാത്തവരാണ് കൊലക്കത്തിയ്ക്കും ബോംബിനും ഇരയാകുന്നത് എന്ന് ഇതുസംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും..!! തൊട്ടപ്പുറത്ത് എതിര്‍പാര്‍ട്ടിയിലെ ഒരാള്‍ കൊല്ലപ്പെട്ടു എന്നറിയാതെ ദിനംദിനജീവിതവുമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് പലപ്പോഴും ഈ പാവങ്ങളെ തേടി കൊലക്കത്തികള്‍ എത്തിയത്..!! 1999 ഡിസംബര്‍ മാസത്തിലെ ജയകൃഷ്ണന് വധത്തിനു ശേഷം അവിടെ കൊല്ലപ്പെട്ട സി.പി.എം/ആര്.എസ്.എസ് പ്രവര്‍ത്തകരൊന്നും തന്നെ ജയകൃഷ്ണനൊപ്പം പ്രവര്‍ത്തിക്കുകയോ ആ കൊലയില്‍ പങ്കാളിയാകുകയോ ചെയ്തവരല്ല..!! പക്ഷേ എതിര്‍സംഘത്തില്‍ നിന്നും കൊഴിഞ്ഞ അംഗത്തിന്റെ കണക്കിന് തുല്യമാകാന്‍ വേണ്ടി തെരുവില്‍ അറുക്കപ്പെടാനായിരുന്നു ഇവരുടെ വിധി..!!
ബള്ബുകളെക്കാള് തങ്ങള്‍ക്ക് വേണ്ടത് ട്രാന്‍സ്ഫോര്‍മറുകള്‍ ആണ് എന്ന് പ്രസംഗിച്ച് അണികളെ ഊറ്റം കൊള്ളിച്ചു വിടുന്ന നേതാക്കള്‍ക്കും അഭിമാനിക്കാം…!! കാരണം ഈ വക പിരികയറ്റലില് നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കത്തിയുമായി പായുന്ന അണികള്‍ വെട്ടിവീഴ്ത്തുന്നത് നേതാക്കളുടെ കണ്ണില്‍ ബള്ബുകളാണെങ്കിലും സ്വന്തം കുടുംബങ്ങളില്‍ ട്രാന്സ്ഫോര്മറുകളായിരുന്നവരെത്തന്നെയാണ്.രാവിലെ വീട്ടില്‍നിന്നിറങ്ങിപ്പോയ ഉടയവന്റെ കുത്തിക്കെട്ടിയ ശരീരം വീടിന്റെ തിണ്ണയില്‍ കൊണ്ടുവന്നു കിടത്തുമ്പോള്‍ അതിനെ ധീരരക്തസാക്ഷിത്വം എന്നോ വീരബലിദാനം എന്നോ ഒക്കെ കരുതി അഭിമാനിക്കാന്‍ അവിടെ നെഞ്ചുപൊട്ടിക്കരയുന്ന മനുഷ്യര്‍ക്ക് സാധിച്ചിട്ടുണ്ടോ ആവോ..?!!
കണ്ണൂരിലെ ചോരക്കളി ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതാകും എന്ന മൂഢവിശ്വാസം ആരും വച്ചു പുലര്‍ത്തുന്നില്ല..!! പക്ഷെ സംഘടനകള്‍ ഒരു കാര്യം മറക്കരുത്..!! അക്രമം കൊണ്ടും കൊലപാതകം കൊണ്ടും ഒരു പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു എങ്കില്‍ ഇന്ന് ഈ നരവേട്ടയ്ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഇന്നാട്ടില് വേരുപിടിക്കുമായിരുന്നില്ല എന്ന സത്യം ഇടയ്ക്കിടെ ഓര്‍ക്കണം..എന്നിട്ടാകട്ടെ അടുത്ത കൊലയ്ക്കുള്ള കളമൊരുക്കല്‍.
Discussion about this post