കൊച്ചി :കെപിസിസി പ്രസിഡന്റ് ഭരണഘടനയ്ക്ക് മുകളിലെ ശക്തിയാകരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിനെതിരെ വി.എം സുധീരന്.കോടതിയുടെ പരാമര്‍ശം അതിരുവിട്ടതാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.കോടതിയുടെ പരാമര്‍ശത്തെ താന്‍ ശക്തമായി എതിര്‍ക്കുന്നു. ബാര്‍ കേസില്‍ സ്വാഭാവിക നീതിയുടെ നിഷേധമാണ് കോടതി വ്യക്തമാക്കിയത്. തന്റെ നിലപാട് വ്യക്തമാക്കാന്‍ കോടതി തനിക്ക് അവസരം നല്‍കിയില്ല.കാര്യങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ കോടതി ഇങ്ങനെ പ്രതികരിക്കില്ലായിരുന്നെന്നും സുധീരന് പ്രതികരിച്ചു .സമാന്തരമായ നിര്‍ദേശം താന്‍ പ്രതിനിധികള്‍ക്ക് ഇനിയും നല്‍കും. ഇത് സംബന്ധിച്ച നിയമ വിദഗ്ധരുമായി ആലോചിച്ച് കൂടുതല്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് ഭരണഘടനയ്ക്കു മുകളിലെ ശക്തിയാകരുതെന്ന് ഇന്നലെ ഹൈക്കോടതി പറഞ്ഞിരുന്നു. കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കെപിസിസി പ്രസിഡന്റിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
കെപിസിസി പ്രസിഡന്റിന്റെ സര്‍ക്കുലറിനെ തുടര്‍ന്നാണു തങ്ങള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കാത്തതെന്നു ഹര്ജിക്കാരന് കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് ഹോട്ടലിന് രണ്ടാഴ്ചയ്ക്കകം ബാര്‍ ലൈസന്‍സ് നല്‍കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
Discussion about this post