തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. നിയന്ത്രണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസമയത്ത് പൂക്കളം ഇടുന്നത് വിലക്കി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസ് സമയത്ത് പൂക്കളം ഇടരുതെന്നും ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങള്‍ ആക്കരുതെന്നും പിണറായി വിജയന് അഭിപ്രായപ്പെട്ടിരുന്നു. പൂക്കളം ഇടുന്നവര്‍ അത് ഓഫീസ് സമയത്തിന് മുന്‍പ് ചെയ്യണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഓണംബക്രീദ് മെഗാഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓണക്കാലത്ത് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ കച്ചവടക്കാര്‍ കയറിയിറങ്ങുന്നത് പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും ഇരിക്കുന്ന സീറ്റില്‍ തന്നെ ലഭിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വാശിപിടിക്കരുത്. ഇത്തരം കാര്യങ്ങള്‍ക്കായി ജോലി സമയം വിനിയോഗിക്കരുത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ആവശ്യത്തിന് അവധി ലഭിക്കുന്നുണ്ട്. ആ സമയത്ത് ഇത്തരം ആവശ്യങ്ങള്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പിണറായിയെ വിമര്‍ശിച്ചിരുന്നു.
Discussion about this post