വാഷിംങ്ടണ്‍: ഐഎസ് ഭീകരരെ തുരത്താനെന്ന പേരില്‍ വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നീക്കം കുര്‍ദുകള്‍ക്ക് നേരെ തിരിയുന്നതില്‍ മുന്നറിയിപ്പുമായി അമേരിക്ക. കുര്‍ദുകള്‍ക്കെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിക്കാന്‍ അമേരിക്ക തുര്‍ക്കിയോട് ആവശ്യപ്പെട്ടു. കുര്‍ദ് വംശഹത്യക്കെതിരെ ലോകമെങ്ങും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ എന്ന പേരില്‍ തുര്‍ക്കി സിറിയയില്‍ നടത്തുന്ന സൈനിക നീക്കം ആറാം ദിവസം പിന്നിടുമ്പോഴാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തുന്നത്. ആക്രമണം ഐഎസിന്റെ സ്വാധീന മേഖലകളിലെന്നാണ് തുര്‍ക്കിയുടെ അവകാശവാദം. എന്നാല്‍ ആക്രമണ മേഖലകളില്‍ ഐഎസിന്റെ സ്വാധീനമില്ലെന്ന് യുഎസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
കുര്‍ദ് വിമതരെ ലക്ഷ്യം വച്ചുള്ള തുര്‍ക്കിയുടെ ആക്രമണം അപ്രതീക്ഷിതമാണെന്നും അത് അവസാനിപ്പിക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ചചെയ്യാന്‍ തുര്‍ക്കി പ്രസിഡന്റ് തയിബ് എര്ദോഗണുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കൂടിക്കാഴ്ച നടത്തും. ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയായിരിക്കും കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ജറാബ്ലസ്, ജബ് അല്‍ കുസ്സ, അല്‍ അമാരസ് എന്നീ മേഖലകളില്‍ തുര്‍ക്കി ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. രാജ്യ അതിര്‍ത്തി ലംഘിച്ചതിനാലാണ് കുര്‍ദു ഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയതെന്നാണ് തുര്‍ക്കിയുടെ വാദം.
അതേസമയം കൂടുതല്‍ സ്ഥലങ്ങളിലേക്ക് സൈനിക നീക്കം വ്യാപിപ്പിക്കാനും തുര്‍ക്കി ലക്ഷ്യമിടുന്നുണ്ട്.
Discussion about this post