മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പടിയിറങ്ങി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് രഘുറാം രാജന്. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രഘുറാം രാജന്റെ തീരുമാനം. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റു.
2013 സെപ്തംബര്‍ അഞ്ചിനാണ് ഡി. സുബ്ബറാവുവില്‍ നിന്ന് കേന്ദ്രബാങ്കിന്റെ 23-ാം ഗവര്‍ണറായി രഘുറാം രാജന് ചുമതലയേല്‍ക്കുന്നത്. ആര്‍ബിഐയില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച രഘുറാം രാജന്റെ കര്‍ക്കശനിലപാടുകള്‍ പലപ്പോഴും വിവാദത്തിനും ഇടയാക്കിയിരുന്നു.
നാണ്യപ്പെരുപ്പ നിരക്ക് നിര്‍ണയിക്കാനുള്ള അടിസ്ഥാനഘടകം മൊത്തവിലസൂചികയില്‍ നിന്നുമാറ്റി ഉപഭോക്തൃ വില സൂചികയായി നിശ്ചയിച്ചു. ബാങ്ക് ലൈസന്‍സ് നല്‍കുന്നതിന് പുതിയ രീതി നടപ്പിലാക്കി. നാണ്യപ്പെരുപ്പത്തിനെതിരെ കര്‍ക്കശ നിലപാടെടുത്തു. മൂന്നു വര്‍ഷത്തിനുള്ളില്‍ നാണ്യപ്പെരുപ്പ നിരക്ക് 11 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി. വളര്‍ച്ചാനിരക്ക് ഉയര്‍ത്തി. പലിശനിരക്ക് കുറയ്ക്കണമെന്ന വാദം തള്ളിയ രഘുറാം രാജന്, വിലക്കയറ്റം നിയന്ത്രിക്കണമെന്നും സര്‍ക്കാര്‍ ചെലവ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഒടുവില്‍ സ്ഥാനമൊഴിയുന്നതിന് തലേദിവസവും റിസര്‍വ് ബാങ്കിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വേണ്ട എന്ന് പറയാനുള്ള സ്വാതന്ത്ര്യം നല്കുമ്പോള് തന്നെ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകേണ്ടതാണെന്നും ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നടന്ന പരിപാടിയില്‍ രഘുറാം രാജന് അഭിപ്രായപ്പെട്ടു.
Discussion about this post