വിയന്റിനെ : 14-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയ്ക്ക് ലാവോസില്‍ തുടക്കമായി. നാളെ 11-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയും നടക്കും. ഇരു സമ്മേളനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. സുരക്ഷ, ഉഭയകക്ഷി വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തല്‍, കാലാവസ്ഥാ വ്യതിയാനം, കൃഷി, തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. സമുദ്രാതിര്‍ത്തി വഴിയുള്ള ഭീകരപ്രവര്‍ത്തനം തടയാനുള്ള മാര്‍ഗങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.
രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലാ വികസനത്തിന് ആസിയാന്‍ തന്ത്രപ്രധാനപങ്കാളിയാണെന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നരേന്ദ്രമോദി പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യാ വിനിമയം കൂടുതല്‍ ശക്തമാക്കണമെന്നും മോദി അഭിപ്രായപ്പെട്ടു. ഉച്ചകോടിക്കിടെ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അടക്കമുള്ള ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ബ്രൂണെ, കംബോഡിയ, ലാവോസ്, മ്യാന്മര്, വിയറ്റ്നാം, തായ്ലന്ഡ് എന്നീ രാജ്യങ്ങളാണ് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
നാളെ നടക്കുന്ന പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍, ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് പുറമെ ചൈന, ജപ്പാന്, ദക്ഷിണകൊറിയ, ആസ്ത്രേലിയ, ന്യൂസിലന്‍ഡ്, അമേരിക്ക, റഷ്യ എന്നീ രാജ്യ തലവന്മാരും സംബന്ധിക്കും.
Discussion about this post