വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ തമിഴ്നാട് വെല്ലൂര്‍ ജയിലില്‍ കഴിയുന്ന എ.ജി.പേരറിവാളനെതിരെ ആക്രമണം. ജയിലില്‍വച്ച് സഹതടവുകാരന് ഇരുമ്പുവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. രാവിലെ 6.15 ഓടെയായിരുന്നു സംഭവം. തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റ പേരറിവാളന് ജയിലില്‍ തന്നെ ചികില്‍സ നല്കി.
കൊലക്കേസില്‍ 13 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ആക്രമണമെന്നും ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. പേരറിവാളനു ഗുരുതര പരുക്കുകളില്ലെന്നും തലയില്‍ നാലു കുത്തിക്കെട്ടാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
20 വര്‍ഷത്തിലേറെയായി തടവുശിക്ഷ അനുഭവിച്ചുവരുന്ന പേരറിവാളന് ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയ്ക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഈ ആവശ്യം തള്ളുകയാണ് ചെയ്തത്. 1991 മേയ് 21നാണ് ശ്രീപെരുമ്പത്തൂരില്വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പിന്നീട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്നു പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ ശിക്ഷ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
Discussion about this post