കശ്മീര്‍: ഈദ് ദിനത്തില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ. വിഘടനവാദികളുടെ മാര്‍ച്ചിനെ തുടര്‍ന്നാണ് ബക്രീദ് ദിനത്തില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വ്യകതമാക്കി. ഏതാനും ദിവസങ്ങളായി കടുത്ത ഏറ്റമുട്ടലുകള്‍ നടക്കുന്ന കശ്മീരിലെ പത്ത് ജില്ലകളിലും കശ്മീരിലെ ഈദ് ദിനമായ ചൊവ്വാഴ്ച കര്‍ശനമായ കര്‍ഫ്യൂ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ പ്രാര്‍ത്ഥനയ്ക്കായി ജനങ്ങള്‍ ഒത്തുകൂടുന്നതും കൂട്ടമായി നില്ക്കുന്നതും നിരോധിച്ചിരിക്കുകയാണ്.
ജനങ്ങളോട് അതത് പ്രദേശങ്ങളിലെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാര്‍ക്കറ്റുകളും നഗരവീഥികളും ഒഴിഞ്ഞുകിടക്കുകയാണ്. ബേക്കറികളും മധുരപലഹാര കടകളും അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് ശ്രീനഗര്‍ അടക്കമുള്ള നഗരങ്ങളിലുള്ളത്. ബക്രീദ് ദിനത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകളും ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്.
അതേസമയം ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ശക്തമായ നിരീക്ഷണമാണ് സൈന്യം കശ്മീരില്‍ നടത്തുന്നത്. ഇന്നലെ ആനന്ദ് നാഗിലെ ഷെര്‍ബാഗ് പോലീസ് സ്റ്റേഷനില്‍ നടന്ന ഗ്രനേഡ് അക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു.പൂഞ്ചില്‍ സൈനികരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
ജൂലൈയില്‍ ഹിസ്ബുള്‍ മുജഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച കലാപത്തില്‍ 76 ഓളം പേര് കൊല്ലപ്പെടുകയും 7,000 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post