കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജ് നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ ത്വരിത പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മുന്‍ സ്പെഷ്യല്‍ ഓഫിസര്‍ എസ്. സുബ്ബയ്യ ഒന്നാം പ്രതിയായപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍ എന്നിവരെ പ്രതിപട്ടികയില്‍ നിന്നും വിജിലന്‍സ് ഒഴിവാക്കി.
ഉമ്മന്‍ചാണ്ടി, എ.പി അനില്‍കുമാര്‍ എന്നിവരുടെ പേരുകളും അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്കെതിരെ തെളിവുകളില്ലെന്നാണ് ത്വരിത പരിശോധനയില്‍ വ്യക്തമായതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് 170 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്.
പാലക്കാട് തിരുവനന്തപുരം ജില്ലാ വിജിലന്‍സ് വിഭാഗങ്ങളാണ് പരിശോധന നടത്തിയത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിയമപരമാണോയെന്നത് അടക്കമുളള വിഷയങ്ങളാണ് തിരുവനന്തപുരം വിജിലന്‍സ് പരിശോധിച്ചത്. നിയമനങ്ങളുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നോ എന്നതാണ് പാലക്കാട് വിജിലന്‍സ് പരിശോധിച്ചതും.
താത്കാലികമായും സ്ഥിരമായും നിയമിച്ചതടക്കം നൂറിലധികം പേരുടെ നിയമനങ്ങള്‍ നിയമവിരുദ്ധമായിരുന്നു. കൂടാതെ വ്യക്തിപരമായ താത്പര്യങ്ങളും ശുപാര്‍ശകളും മുന്‍നിര്‍ത്തിയാണ് നിയമനം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ഈ നിയമനങ്ങളില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും ഈ റിപ്പോര്‍ട്ട് വിജിലന്‍സ് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
Discussion about this post