തിരുവനന്തപുരം: സംസ്ഥാനത്ത് മിതമായ വിലയില്‍ മരുന്ന് ലഭിക്കുന്ന കൂടുതല്‍
മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് ഈ വാര്‍ത്ത. പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി മരുന്ന് എന്ന പേരിലാണ് പദ്ധതി വരുന്നത്. 600 ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളാണ് സംസ്ഥാനത്ത് തുറക്കുന്നത്. ഇതില്‍ 300 എണ്ണം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും 300 എണ്ണം പൊതു സ്ഥലങ്ങളിലുമാകും പ്രവര്‍ത്തിക്കുക.
ഗുണനിലവാരമുള്ള ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ ഇവിടെ നിന്നും ലഭിക്കും. എന്നാല്‍ അര്‍ബുദം, അവയവം മാറ്റിവെക്കല്‍ എന്നിവ ജന്‍ ഔഷധി വഴി ലഭിക്കില്ല. അതിനാല്‍ ഈ മരുന്നുകള്‍ കൂടി ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം വെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
പൊതു മേഖലാ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളാകും ജന്‍ ഔഷധി വഴി ലഭ്യമാക്കുക. മരുന്നിന് ഇരട്ടിയിലധികം വിലകൂട്ടി വില്‍ക്കുന്ന ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയാണ് ജന്‍ ഔഷധികള്‍ വഴി മരുന്നുകള്‍ വില്‍ക്കുക. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ 1,200 രൂപയുള്ള മരുന്ന് ജന്‍ ഔഷധിയില്‍ വെറും 400 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പു നല്കുന്നു.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് കേരളയെയാണ് വിതരണ ചുമതല ഏല്‍പ്പിക്കുക. ഇതുസംബന്ധിച്ചുള്ള എംഒയുവില്‍ കേന്ദ്ര പെട്രോളിയം ആന്റ് കെമിക്കല്‍ മന്ത്രാലയവും ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റിയും ഉടന്‍ ഒപ്പുവെക്കും.
ജന്‍ ഔഷധി തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ്, ബംഗാള്‍ കെമിക്കല്‍സ് എന്നിവ നിര്‍മിക്കുന്ന മരുന്നുകളാണ് ജന്‍ ഔഷധിയില്‍ വില്‍ക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ക്കെല്ലാം ഇന്ത്യയില്‍ ഏകീകൃത വിലയായിരിക്കും.
ബില്ലിന് അനുസരിച്ച് മാത്രമേ മരുന്നുകള്‍ വില്‍ക്കുകയുള്ളൂ എന്നതാണ് ജന്‍ ഔഷധിയുടെ പ്രത്യേകത. ഡ്രഗ്സ് കണ്ട്രോളര്, ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് എന്നിവരടങ്ങിയ ഉന്നതതല കമ്മിറ്റി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
Discussion about this post