ന്യൂയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അഹമ്മദ് ഖാന് റഹാമിയെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്. മാന്ഹാട്ടറില് ബാര്‍ നടത്തുന്ന ഹരീന്ദര്‍ ബെയ്ന്‍സാണ് ഭീകരനെ പിടിക്കാന്‍ സഹായിച്ചത്. ഇതോടെ ന്യൂയോര്‍ക്കില്‍ ഹീറോ ആയിരിക്കുകയാണ് ഹരീന്ദര്‍ ഇപ്പോള്‍.
തന്റെ ബാറിനു മുന്നില്‍ ഒരാള്‍ കിടന്നുറങ്ങുന്നതു കണ്ടപ്പോള്‍ കുടിച്ചുലക്കുകെട്ട ആരെങ്കിലുമാകും എന്നാണ് ഹരീന്ദര്‍ ആദ്യം കരുതിയത്. ഉണര്‍ത്താനായി അടുത്തുചെന്നപ്പോഴാണ് ടിവിയില്‍ കണ്ട ഭീകരനാണിതെന്ന് ഹരീന്ദറിന് മനസിലായത്. തുടര്‍ന്ന് ഹരീന്ദര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പൊലീസിനുനേരെ നിറയൊഴിച്ചു. വെടിവെയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് നെഞ്ചില്‍ വെടിയേറ്റു. പൊലീസും തിരിച്ച് വെടിവെച്ചതോടെ പരിക്കേറ്റ ഭീകരനെ സ്ട്രെക്ചറിലാണ് പൊലീസ് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ഹീറോ പരിവേഷം നല്കി തന്നെ ഉയര്‍ത്തിക്കാട്ടുന്നതിനോട് ഹരീന്ദര്‍ വിയോജിച്ചു. സാധാരണപൗരന് ചെയ്യേണ്ട കടമ മാത്രമാണ് താന്‍ ചെയ്തതെന്നും സേനയാണ് യഥാര്‍ത്ഥ ഹീറോ എന്നും ഹരീന്ദര്‍ ബെയ്ന്‍സ് അഭിപ്രായപ്പെട്ടു.
Discussion about this post