ഇസ്ലാമാബാദ്: നിയന്ത്രണ രേഖ മറികടന്ന് പാക് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പാക് തീവ്രവാദി സംഘടനയായ ജമാഅത്ത് ദുവ നേതാവും മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനുമായ ഹാഫിസ് സെയ്ദിന്റെ മുന്നറിയിപ്പ്. ശരിയായ മിന്നലാക്രമണം എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസിലാക്കി കൊടുക്കാമെന്നും ഇയാള്‍ പറയുന്നു.
ഇന്ത്യന്‍ ആക്രമണത്തിന് തിരിച്ചടി ഉടനുണ്ടാകും. ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്കുന്നു. പാക് ആര്‍മി ഉടന്‍ തിരിച്ചടിക്കും. ശരിയായ മിന്നലാക്രമണം എന്താണെന്ന് പാകിസ്ഥാന് മനസിലാക്കിത്തരാം. അങ്ങനെ വന്നാല്‍ ഇന്ത്യയെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയ്ക്ക് പോലും ആകില്ലെന്നും ഇയാള്‍ പാകിസ്ഥാനിലെ ഒരു പൊതു പരിപാടിയില്‍ പറഞ്ഞു. ഇനി പാകിസ്ഥാന്റെ ഊഴമാണെന്നും ഹാഫിസ് കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് പകരമായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ശക്തമായ മിന്നലാക്രമണം നടത്തുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണി മുതല്‍ അഞ്ചു മണി വരെയായിരുന്നു പാകിസ്ഥാനില്‍ ഭീകരര്‍ ആക്രമണത്തിനുപയോഗിക്കുന്ന അഞ്ച് കേന്ദ്രങ്ങളില്‍ (ലോഞ്ച് പാഡ്)ങ്ങളിലായി ഇന്ത്യന്‍ സേനയുടെ പാരാട്രൂപ്പ് വിഭാഗത്തിന്റെ അതിശക്തമായ ആക്രമണം. ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടങ്ങളില്ല. എന്നാല്‍ ആക്രമണത്തില്‍ 38 തീവ്രവാദികളും 10 പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Discussion about this post