തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നേതാക്കളും തെറ്റ് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്. ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മൂവരും പരാജയപ്പെട്ടു.
യോജിച്ചു നില്‍ക്കാത്തതിനാലാണ് വീഴ്ച സംഭവിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സുധീരനെ മാത്രം മാറ്റുന്നത് ശരിയല്ലെന്ന ഹൈക്കമാന്‍ഡ് അഭിപ്രായത്തോട് തനിക്കും യോജിപ്പാണെന്നും സതീശന് മനോരമ ന്യൂസ് പരിപാടിയായ നേരേ ചൊവ്വേയില്‍ പറഞ്ഞു.
സ്വാശ്രയ പ്രശ്നത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചതില്‍ രമേശ് ചെന്നിത്തലയോടുള്ള നീരസവും വിഡി സതീശന് പ്രകടിപ്പിച്ചു. ഒരാഴ്ച മുമ്പ് തന്നെ ഏല്പിച്ച ഉത്തരവാദിത്തം തൊട്ടുതലേന്ന് മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തി. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എം.എം.ഹസ്സനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് നേരിടാന്‍ തയാറാണെന്നും സതീശന് പറഞ്ഞു.
നിയമസഭാ സമ്മേളനത്തില്‍ തനിക്ക് ലഭിക്കേണ്ട അത്യപൂര്‍വ്വമായ റെക്കോഡ് സ്വന്തം പാര്‍ട്ടി തന്നെ നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭാ കക്ഷി യോഗം ബഹിഷ്കരിച്ച് സതീശന് പ്രതിഷേധിച്ചിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം വി.ഡി സതീശന് തന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ ഒരു ദിവസം തന്നെ ആറു ചര്‍ച്ചകളില്‍ പങ്കാളിയായി എന്ന അത്യപൂര്‍വ റെക്കോഡ് ലഭിക്കുമായിരുന്നു. ഇതെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സതീശന് വിവരം അറിയിച്ചിരുന്നതുമാണ്.
എന്നാല്‍ വര്‍ഷങ്ങളായി സ്വാശ്രയ പ്രശ്നം ഉന്നയിച്ച് സംസാരിക്കുന്ന സതീശനെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ചോദ്യോത്തരം, ശ്രദ്ധക്ഷണിക്കല്‍, ഉപക്ഷേപം എന്നിവക്കുപുറമേ സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും സതീശന് സാന്നിധ്യമറിയിച്ചു. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഒറ്റദിവസം സഭയിലെ എല്ലാനടപടികളിലും പങ്കെടുത്തെന്ന അപൂര്‍വ റെക്കോഡായിരുന്നു ലഭിക്കേണ്ടിയിരുന്നത്. മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും എംഎല്‍എയുമായ വി.എസ് ശിവകുമാറിനാണ് അടിയന്തരപ്രമേയം അവതരിപ്പിക്കാനുളള ചുമതല പ്രതിപക്ഷം നല്‍കിയത്.
Discussion about this post