ഡല്‍ഹി: വിവാദമായ എംഎസ്ജി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയ്ക്ക് പഞ്ചാബ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിരോധനം.
ചിത്രത്തിന് എഫ്സിഎറ്റി(ഫിലിം സര്ട്ടിഫിക്കേഷന് അപ്പലെറ്റ് ട്രിബ്യൂണല്‍) റീലിസ് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് എല്ലാ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളും ഇന്നലെ രാജിവെച്ചിരുന്നു.
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. റാം റഹീം സിംഗിന്റെ ചിത്രം ‘മെസ്സഞ്ചര്‍ ഓഫ് ഗോഡ്’ ജനങ്ങള്‍ക്ക് കാണാന്‍ കൊള്ളുന്നതല്ലെന്ന കാരണത്താലാണ് പ്രദര്‍ശനാനുമതിയും നിരോധനവും ഏര്‍പ്പെടുത്തിയത്.
നായകന് അത്ഭുതങ്ങള്‍ കാണിക്കുന്നതും മാരകരോഗങ്ങള്‍ ഭേദമാക്കുന്നതും അടക്കം യുക്തിക്ക് നിരക്കാത്ത നിരവധി രംഗങ്ങള്‍ സിനിമയിലുണ്ടെന്നും ഗുര്‍മീതിന്റെ സ്വന്തം പരസ്യമാണ് സിനിമയെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ ആക്ഷേപം.
വിവാദങ്ങള്‍ക്കു കാരണമായ, ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് അഭിനയിക്കുന്ന ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയില്‍ ഗുര്‍മീത് റാം തന്നെ ദൈവമായും സിഖ് ഗുരുവായും അഭിനയിക്കുകയാണെന്നാരോപിച്ച് പ്രമുഖ സിഖ് സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു . ഇതിനു പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതിയും നിഷേധിക്കുകയും ചിത്രം നിരോധിക്കുകയും ചെയ്തത്.
Discussion about this post