ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തി. കേജ്രിവാളിനെപ്പോലെയുള്ള രാജ്യവിരുദ്ധന്മാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി യുദ്ധം ചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ അവകാശവാദങ്ങളോട് ഇന്ത്യ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സുബ്രഹ്മണ്യന് സ്വാമി അഭിപ്രായപ്പെട്ടു.
തെളിവ് നല്കിയാലും പാകിസ്ഥാന് ഒരു നടപടിയുമെടുക്കാന്‍ പോകുന്നില്ല. പാകിസ്ഥാന് ഒരിക്കലും മാറാന്‍ പോകുന്നില്ല, കസബിന്റെയും ഹാഫിസ് സയിദിന്റെയും കാര്യത്തില്‍ തെളിവ് കൊടുത്തിട്ടെന്തായിയെന്നും സ്വാമി ചോദിച്ചു. പത്താംകോട്ട് ആക്രമണത്തിന്റെ അന്വേഷണത്തിനായി പാക് സംഘം ഇന്ത്യയില്‍ വന്നിട്ടെന്തായിയെന്നും സ്വാമി ചോദിച്ചു.
ഡല്‍ഹിയെ സുരക്ഷിതമാക്കുന്നതിന് പകരം നാട് നീളെ നടന്ന് പ്രശ്നങ്ങളുണ്ടാക്കുകയാണ് കേജ്രിവാളെന്നും അദ്ദേഹം ആരോപിച്ചു. കേജ്രിവാളിന്റെ ദേശവിരുദ്ധവും നക്സലൈറ്റ് അനുകൂലവുമായ മനോഭാവം എല്ലാവര്ക്കും അറിയാവുന്നതാണെന്നും സ്വാമി പറഞ്ഞു. കേജ്രിവാളിനെപ്പോലെ ഉളളവര്‍ നാട് ഭരിക്കുമ്പോള്‍ യുദ്ധം ചെയ്യാനാകുമോ എന്ന് കേന്ദ്രം ആലോചിക്കണമെന്നും സ്വാമി പറഞ്ഞിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരിനെ പിരിച്ചുവിട്ട്, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സര്‍ജിക്കല്‍ അറ്റാക്ക് ലോകമാകെ അംഗീകരിച്ചതാണെന്നും സ്വാമി അവകാശപ്പെട്ടു. റഷ്യയും അമേരിക്കയും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു. വാഷിംഗ്ടണ്‍ പോസ്റ്റും വിഷയത്തില്‍ വിശദമായ വാര്‍ത്ത നല്‍കിയെന്നും സ്വാമി ഓര്‍മ്മിപ്പിച്ചു. സര്‍ജിക്കല്‍ ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട കേജ്രിവാളിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
Discussion about this post