കൊച്ചി: കനകമലയിലെ ഐഎസ് കേരള ഘടകം നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പിടിയിലായ തൊടുപുഴ സ്വദേശി ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായി മൊഴി. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സുബഹാനി എന്ന ഇയാള്‍ പങ്കുവച്ചത്. തനിക്ക് ഐ.എസ്. നേരിട്ട് പരിശീലനം നല്‍കിയതായും സുബ്ഹാനി എന്‍.ഐ.എയോട് വെളിപ്പെടുത്തി. താന്‍ ഐ.എസിന് വേണ്ടി രണ്ടാഴ്ചയോളം യുദ്ധമുഖത്തുണ്ടായിരുന്നതായും ഇതിന് മാസം നൂറ് ഡോളര്‍ സഹായം ലഭിച്ചുവെന്നും സുബ്ഹാനി സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിനാണ് സുബ്ഹാനി തൊടുപുഴയില്‍ നിന്ന് ഇറാഖിലേക്ക് പോയത്. ചെന്നൈയില്‍ നിന്ന് ഇസ്താംബൂളിലേയ്ക്ക് പോയ ഇയാള്‍ അവിടെ നിന്നും പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് സ്വദേശികള്‍ക്കൊപ്പം മൊസൂളിലേയ്ക്ക് പോയി ഐ.എസില്‍ ചേരുകയായിരുന്നുവെന്നാണ് എന്‍.ഐ.എ അധികൃതര്‍ക്ക് ലഭിച്ച വിവരം.
രണ്ട് മാസത്തെ പരിശീലനത്തിന്ശേഷം രണ്ടാഴ്ച ഐ.എസിനു വേണ്ടി ശേഷമാണ് ഇയാള്‍ ഐ.എസിനുവേണ്ടി യുദ്ധമുഖത്ത് പ്രവര്‍ത്തിച്ചത്. കഴിഞ്ഞ സപ്തംബറില്‍ കേരളത്തില്‍ തിരിച്ചെത്തിയ ഇയാള്‍ ഐ.എസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചതായും എന്‍.ഐ.എ പറയുന്നു.
അഞ്ച് മാസം ഇയാള്‍ സിറിയയിലും ഇറാഖിലും ആയി ഉണ്ടായിരുന്നു. മലയാളി കുടുംബങ്ങളും തന്നോടൊപ്പമുണ്ടായിരുന്നു. സുഹൃത്തിന് പരിക്കേറ്റതു കൊണ്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹാജി മൊയ്തീന്, അബുമീര്‍ എന്നീ പേരുകളും സുബഹാനിയ്ക്കുണ്ട്.
കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഇവര്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍.ഐ.എ അധികൃതര്‍ സൂചിപ്പിക്കുന്നു. പിടിയിലായ സുബ്ഹാനി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് അക്രമ പദ്ധതികള്‍ക്കായി ആയുധങ്ങളും ശിവകാശിയില്‍ നിന്ന് സ്ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഐഎസില്‍ നിന്ന് 20000 രൂപ ലഭിച്ചു. 100 ഡോളറായിരുന്നു സിറിയയില്‍ ശബളമെന്നും ഐഎസിന് നല്കിയ മൊഴിയില്‍ പറയുന്നു.
തമിഴ്നാട് സ്വദേശിയായ ഇയാള്‍ തൊടുപുഴയിലാണ് താമസം. ഐഎസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ പിടിയിലാകുന്ന രണ്ടാമത്തെ ആളാണ് സുബഹാനി.
സുബ്ഹാനി പിടിയിലായതോടെ കേരളത്തിലും ഐ.എസിന്റെ സജീവമായ പ്രവര്‍ത്തനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയതായും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് കനകമലയില്‍ നിന്ന് ആറ് ഐഎസ് കേരളഘടകം നേതാക്കളെ എന്‍ഐഎ അറസ്റ്റു ചെയതിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോയമ്പത്തൂരില്‍ നിന്ന് സുബഹാനിയെ എന്‍ഐഎ പിടികൂടുകയായിരുന്നു. ഐഎസുമായി കനകമലയില്‍ യോഗം ചേര്‍ന്ന അന്‍സാറുല്‍ ഖലീഫയുടെ അംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. തമിഴ്നാട് കേരളം എന്നി സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.
ഐഎസിന്റെ കേരള ഘടകമായ അന്‍സാറുല്‍ ഖലീഫക്ക് പ്രചോദനമായത് വിവാദ മുസ്ലീം പണ്ഡിതന് സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച ചില മൊഴികളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്.
ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സക്കീര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ പ്രചോദനമായെന്ന വാര്‍ത്തകളെ തുടര്‍ന്ന് എട്ടോളം അന്വേഷണ സംഘങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ സക്കീര്‍ നായിക്കിനെ കുറിച്ച് അന്വേഷണം നടത്തിയത്.
Discussion about this post