പണ്ട് പശുവിന്റെ കൊമ്പുകള്‍ക്കിടയില്‍ തലയിട്ടു നോക്കിയ നമ്പൂതിരിയോട് ആരോ ‘വീണ്ടുവിചാരമില്ലാതെ ഇങ്ങനെ ഓരോന്ന് ചെയ്യാമോ.?’ എന്ന് ചോദിച്ചപ്പോള്‍, ‘ഹേയ്..!! അങ്ങനെ പറയരുത് ട്ട്വോ..!! നോം ഒത്തിരിനാള് ആലോചിച്ചിട്ട് തന്ന്യാ ഇദ് ചെയ്തത്’ എന്ന് മറുപടി പറഞ്ഞ കഥ കേട്ടിട്ടുണ്ടോ..?!! ചില ആളുകള്‍ അങ്ങനെയാണ്..!! ഒടുക്കത്തെ ബുദ്ധിയാണ്..!! ബുദ്ധി മൂത്ത് മൂത്ത് തലയിലെ രോമം മുഴുവന്‍ കൊഴിഞ്ഞുപോയാലും കാര്യമാക്കില്ല.. പക്ഷെ ബുദ്ധിയുള്ള പൊന്മാന് കിണറ്റില്‍ മുട്ടയിട്ടു എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍.
കശ്മീരില്‍ കിട്ടിയ കൂട്ടുകാരന് സത്യപ്രതിജ്ഞ കഴിഞ്ഞ് മൈക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പേ ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല..!! തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ആത്മാര്‍ഥമായി സഹായിച്ച പാക്കിസ്ഥാനും തീവ്രവാദി സഹോദരങ്ങള്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ചെങ്ങായി മൊഹബ്ബത്ത് കാണിച്ചത്..!! ഇതിനേക്കാള്‍ ഭേദം ആ തീവ്രവാദികളുമായി നേരിട്ട് സഖ്യമുണ്ടാക്കുകയായിരുന്നു എന്നാണ് അവിടത്തെ പാര്ട്ടിക്കാര് പോലും പറയുന്നത്…!!
തോറ്റു തോറ്റ് ഉണ്ടാകുന്ന ചീത്തപ്പേരിനെക്കാള് ഭയങ്കരമാണ് ജയിച്ചു ജയിച്ച് ഉണ്ടാകുന്ന സല്‍പ്പേര്.! അതാണ് ഇപ്പോഴത്തെ അവസ്ഥ..! ഒന്ന് മൂക്കുകുത്തി വീണാല്‍പ്പോലും ആരും പിടിച്ച് എഴുന്നേല്പ്പിക്കില്ല..!! പകരം, ‘ദേ ആശാന്റെ പുതിയ അടവ്’ എന്ന് പറഞ്ഞു ചുറ്റുംകൂടി നിന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കലാണ് ആരാധകരുടെ പണി..!! വീണിടത്ത് നിന്നും സ്വയം കയ്യും കുത്തി എഴുന്നേല്‍ക്കണം..!! മൂക്കിലോ വായിലോ ചോരപ്പാട് കണ്ടാല്‍ ‘ദേ ആശാന് ശത്രുവിന്റെ ചോരകുടിച്ചേച്ച് എഴുന്നേറ്റു വരുന്നത് കണ്ടോ.?’ എന്ന് ചോദിച്ച് ആര്‍പ്പുവിളിക്കും..!! വേദന മാറാന്‍ വേണ്ടി ഒന്ന് പൊട്ടിക്കരയാന്‍ പോലും ആവതില്ലാത്ത അവസ്ഥ…!!
ഡല്‍ഹിയില്‍ കയ്യിലുണ്ടായിരുന്ന 32 നെ 3 ആക്കിയത് പോലും ആശാന്റെ വലിയ ഏതോ തന്ത്രമാണ് എന്നാണ് ആരാധകരുടെ വാദം..!! തോറ്റുതൊപ്പിയിട്ട് പാര്‍ട്ടി ഓഫീസിന്റെ മുന്നില്‍ വെറുതെ പത്രം വായിച്ചിരിക്കുന്ന സഖാവിനെനെയും ഒളിച്ചോടിപ്പോയ പപ്പുമോനെയും പറ്റി ആലോചിക്കുമ്പോള്‍ സത്യത്തില്‍ അസൂയയാണ് തോന്നുന്നത്. ഇതൊക്കെ മടുത്ത് എങ്ങോട്ടെങ്കിലും പോകാം എന്ന് വിചാരിച്ചാല്‍ ഉടനെ പറയും ‘ദേ ആശാന് പോയേക്കണത് ശത്രുവിനെ തോല്‍പ്പിക്കാന്‍ പുതിയ ടെക്നിക് കണ്ടുപിടിക്കാനാണ്’ എന്ന്…! ഒരു സിനിമയില്‍ സലിംകുമാറിന്റെ ഡയലോഗ് പോലെ, ‘സത്യത്തില്‍ എനിക്ക് പ്രാന്തായതാണോ അതോ ഇവന്മാര്ക്ക് മൊത്തം പ്രാന്തായതാണോ.?’ എന്ന് ഉറക്കെ വിളിച്ചു ചോദിക്കാന്‍ തോന്നുന്നു…!!
കശ്മീരിലെ കൂട്ടുകാരന്റെ ബുദ്ധി കാഞ്ഞത് തന്നെയാണ്.. തോളത്തു കയ്യിട്ടു അടുപ്പിച്ചു നിര്‍ത്തുക എന്നിട്ട് ആരും കാണാതെ അടിവയറ്റില്‍ ഇടിയ്ക്കുക..!! ശ്വാസം കിട്ടാതെ നിലവിളിച്ചാലും കാണുന്നവര്‍ വിചാരിക്കുക സഖ്യത്തിന്റെ പുതിയ എന്തോ തന്ത്രം ആണ് എന്നായിരിക്കും.!! ഇപ്പോള്‍ത്തന്നെ, അതും സത്യപ്രതിജ്ഞ കഴിഞ്ഞു തൊട്ടടുത്ത നിമിഷം തീവ്രവാദിയ്ക്കും പാക്കിസ്ഥാനും നമസ്കാരം പറയാന്‍ പോകേണ്ട വല്ല കാര്യവുമുണ്ടോ..?!!
ഇല്ല എന്ന് പറയണ്ടാ; കാര്യംണ്ട്…!! കാര്യം ഇപ്പോള്‍ തോളത്ത് കയ്യിട്ടാണ് നില്‍പ്പ് എങ്കിലും ഈ കയ്യിടല്‍ ഒരുപാട് നാളത്തേയ്ക്ക് പറ്റില്ല എന്ന് കൂട്ടുകാരന് നന്നായിട്ടറിയാം.! അപ്പൊ കിട്ടിയ സമയം കൊണ്ട് രണ്ടാം കൂട്ടുകാരനെ പരമാവധി നാറ്റിയ്ക്കുക..!!
തീവ്രവാദികളെ കൂട്ടിത്തൊട്ടാല്‍ നമ്മുടെ വ്രതശുദ്ധി നഷ്ടപ്പെടും ന്ന് പുള്ളിക്കാരന് നന്നായി അറിയാം..! ഇനിയിപ്പോള്‍ അടുത്ത ആറ് കൊല്ലം ഏതൊക്കെ തീവ്രവാദിയുമായി സംബന്ധം ഉണ്ടാക്കിത്തരും എന്ന് ദൈവത്തിനു മാത്രം അറിയാം..!! കശ്മീരിന്റെ ഭാഗാധാരം നടക്കുന്നത് സ്വപ്നം കാണുന്ന കൂട്ടരെ വരെ ഒപ്പം ചേര്‍ത്താണ് അഖണ്ഡ ഭാരതം സ്വപ്നം കാണുന്ന ശീലമുള്ളവര്‍ ഭരിക്കാന്‍ പോയത്..!! പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം..?
Discussion about this post