മുംബൈ: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണം നടത്തിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഇന്ത്യന്‍ സേനയാണ്. അതിനാല്‍ സംശയമുന്നയിച്ചവര്ക്കും പ്രത്യാക്രമണത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാമെന്ന് മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി.
പ്രത്യാക്രമണത്തിന്റെ ഭൂരിഭാഗം ക്രെഡിറ്റും പദ്ധതി രൂപീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത പ്രധാനമന്ത്രിയ്ക്കും സര്‍ക്കാരിനുമാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. പ്രത്യാക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമായതിനാല്‍ ക്രെഡിറ്റ് പങ്കിടാന്‍ തനിക്ക് മടിയില്ലെന്നും മനോഹര്‍ പരീക്കര്‍ അറിയിച്ചു. പ്രത്യാക്രമണത്തെ സംശയിച്ചവരുമായും ക്രെഡിറ്റ് പങ്കിടുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് പരീക്കര്‍ കൂട്ടിചേര്‍ത്തു.
നേരത്തെ, സൈനിക പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. സൈനിക പ്രത്യാക്രമണത്തിന് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ കാലത്തും സമാന പ്രത്യാക്രമണങ്ങള്‍ നടത്തിയിരുന്നുവെന്ന് പ്രസ്താവിച്ചിരുന്നു.
മുമ്പ്, സൈനിക പ്രത്യാക്രമണത്തെ മുഖമുദ്രയാക്കി കേന്ദ്ര മന്ത്രിമാര്‍ നടത്തി വന്നിരുന്ന പ്രകടനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post