നാരായണിയ്ക്കിനി ആര്‍ക്കു വേണ്ടിയും കരയാനില്ല, വേണ്ടപ്പെട്ട എല്ലാവരെയും അവര്‍ തുണ്ടം തുണ്ടമായി വെട്ടിയെരിഞ്ഞു..എല്ലാത്തിനും അപ്പുറത്ത് ഒരു ചോദ്യം മാത്രം അവരുടെ മനസ്സിലുണ്ട്..എന്തിനായിരുന്നു അവരിങ്ങനെ തന്റെ പ്രിയപ്പെട്ടവരെ ക്രൂരമായി അരിഞ്ഞു തള്ളിയത്…?
ഈ ചോദ്യം ഇന്നലെ പിണറായിയില്‍ കൊല്ലപ്പെട്ട രമിതിന്റെ അമ്മ നാരായണിയുടെ മാത്രം ചോദ്യമില്ല. കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ കുറ്റത്തിന് പിടഞ്ഞ് തീര്‍ന്ന നൂറ് കണക്കിന് യുവാക്കളുടെ അമ്മമാരുടെ വേദനയാണ്..
കൊല്ലനാണ്ടി എന്ന വീട്ടില്‍ ഇനി പുരുഷന്മാരായി ആരുമില്ല. എല്ലാവരെയും അവര്‍ കൊന്ന് തള്ളി. ഇനിയുള്ളത് നാരായണിയും ഗര്‍ഭിണിയായ മകള്‍ രമിഷയും മാത്രം.
തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം തന്റെ മകന്റെ ജീവനും എടുക്കുന്നത് കണ്ട വേദനയില്‍ നാരായണി ചോദിക്കുന്നുണ്ട് എന്ത് തെറ്റാണ് അവന് ചെയ്തത്.? നാരായണിയുടെ ഭര്‍ത്താവ് ഉത്തമന് ഡ്രൈവറായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഉത്തമനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ 2002 മെയ് 21 ന് വെട്ടികൊലപ്പെടുത്തിയ സംഭവം നാരായണിയെ എന്നും വേട്ടയാടിയിരുന്നു. കോഴിക്കോട് നിന്ന് ഇരട്ടിയിലേക്കുള്ള ബസ്സിലെ ഡ്രൈവറായിരുന്ന ഉത്തമനെ ബസ്സില്‍ നിന്ന് വലിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമായിരുന്നു നരവേട്ട. തീര്‍ന്നില്ല അക്രമികളുടെ പക. ഉത്തമന്റെ സംസ്ക്കാരചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബത്തെ ഒരു സംഘം ബോംബെറിഞ്ഞ് ആക്രമിച്ചു. തില്ലങ്കേരിയിലുള്ള 70 വയസ്സുള്ള അമ്മുവും ജീപ്പ് ഡ്രൈവര്‍ ഷിഹാബും ബോംബെറില്‍ ദാരുണമായി കൊല്ലപ്പെട്ടു. ഈ കേസില്‍ പ്രതികളെ ഒരു മാസം മുമ്പ് കോടതി വെറുതെ വിട്ടിരുന്നു.
ഉത്തമന് കൊല്ലപ്പെടുമ്പോള്‍ രമിതിന് പതിനാല് വയസ്സാണ് പ്രായം. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയം. ഇടക്കാലത്ത് രമിത് ഗള്‍ഫില്‍ പോയിരുന്നു. പിന്നീട് തിരിച്ച് വന്ന് സുഹൃത്തുമൊപ്പം ചേര്‍ന്ന് ലോറി വാങ്ങി. ഈ വണ്ടിയില്‍ ഡ്രൈവറായി ചേര്‍ന്ന് കുടുംബം പുലര്‍ത്തുകയായിരുന്നു രമിത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം അധികാരത്തിലെത്തിയതിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനത്തിനിടെ രമിത്തിന്റെ വീടിന് നേരെ സിപിഎം ആക്രമണം ഉണ്ടായി. തുടര്‍ന്ന് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. സഹോദരി ഗര്‍ഭിണിയായതോടെ പിണറായിയിലെ വീട്ടിലേക്ക് തിരിച്ചെത്തി. ഒരാക്രമണ സാധ്യത രമിത് മുന്നില്‍ കണ്ടിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. നിലവിളി കേട്ട് അമ്മയും സഹോദരിയും ഓടിയെത്തിയപ്പോള്‍ വെട്ടേറ്റ് വികൃതമാക്കി ചോരയില്‍ കുളിച്ച് കിടക്കുന്ന രമിത്തിന്റെ ശരീരമാണ് കണ്ടത്. ബോധം കെട്ട് വീണ ഇവരെ സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരാണ് വീട്ടിലെത്തിച്ചത്.
മകന്റെ വിയോഗം മനസ്സ് കൊണ്ട് സ്വീകരിക്കാന്‍ ഈ അമ്മയ്ക്ക് ഇനിയുമായിട്ടില്ല. മൃതദേഹത്തിനോട് പോലും കരുണകാട്ടാത്ത ക്രൂരതയ്ക്ക് കാലം മറുപടി നല്‍കുമെന്ന പ്രാര്‍ത്ഥനയിലാണ് ഈ അമ്മ.
Discussion about this post