അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ തീരത്തുനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലെ ജലമൊഴുക്ക് തടഞ്ഞ് പാക്കിസ്ഥാനെ സമര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാനിസ്ഥാന്. ഈ നദികളിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് അഫ്ഗാനിസ്ഥാന്. ഇതോടെ ഇതുവരെ ലഭ്യമായിരുന്ന ജലം പാക്കിസ്ഥാന് ലഭിക്കില്ല. ഇത്തരം നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ അഫ്ഗാനിസ്ഥാനുണ്ട്.
സിന്ധു നദീജല വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായി കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയതിനിടെ അഫ്ഗാന്റെ നടപടി പാക്കിസ്ഥാന് തിരിച്ചടിയാകും. സിദ്ധു നദി സംബന്ധിച്ച് ഇന്ത്യയുമായി പാക്കിസ്ഥാന് കരാറുണ്ട്. എന്നാല്‍ ഈ നദികളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനുമായി ഒരു കരാറുമില്ല. ഈ സാഹചര്യത്തിലാണു നദികളിലെ ജലം ഉപയോഗിക്കുന്നതിനെക്കുറിച്ച് അഫ്ഗാനിസ്ഥാന് ആലോചിക്കുന്നത്.
ചെനാബ് നദിയില്‍ ഇന്ത്യയുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ അഫ്ഗാന് നടപ്പാക്കിയിരുന്നു. അതുപോലെ കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും വിശദമായി വിശകലനം ചെയ്യുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരില്‍നിന്ന് ഉദ്ഭവിച്ച് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയുമായി കാബൂള്‍ നദിക്ക് ഒട്ടേറെ സമാനതകളുണ്ട്. വൈദ്യുതി ഉല്‍പ്പാദനവും ജലസേചനവുമാണ് അഫ്ഗാനിസ്ഥാന് ഇതുവഴി ലക്ഷ്യമിടുന്നത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് ചെനാബ് നദിയിലെ പദ്ധതികള്‍ക്ക് ഇന്ത്യ അനുമതി നല്‍കിയത്. നേരത്തേ, സിന്ധു നദീജല കരാര്‍ ഉയര്‍ത്തി പാക്കിസ്ഥാന് എതിര്‍ത്തതിനെത്തുടര്‍ന്ന് ഈ പദ്ധതി മരവിപ്പിച്ചിരിക്കുകയായിരുന്നു. ശക്തമായ ഭീകരാക്രമണ ഭീഷണിയിലും അഫ്ഗാനിസ്ഥാനിലെ സല്‍മ അണക്കെട്ട് പദ്ധതി ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു.
ഇന്ത്യയുടെ സഹകരണം ഉണ്ടെങ്കില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാന്.
Discussion about this post