ജമ്മു: പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവേ ജമ്മു പോലീസ് കസ്റ്റഡിയിലെടുത്ത 150 പ്രാവുകളെ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം. ഒക്ടോബര്‍ അഞ്ചിന് വിക്രംചൗക്കിലാണ് പെട്ടിക്കുള്ളിലാക്കിയ അവസ്ഥയില്‍ പ്രാവുകളെ കണ്ടെത്തിയത്. പെട്ടികള്‍ കടത്താന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരതയ്ക്കുള്ള 144-ാം വകുപ്പാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. സേവ് എന്ന സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലാണ് പ്രാവുകളിപ്പോള്‍. പ്രാവുകളുടെ കാലുകളിലെ കാന്തിക വളയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സംഘടനയുടെ ചെയര്‍മാന്‍ ജമ്മു ഡെപ്യൂട്ടി കമ്മീഷണറെ വിവരം ധരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം അതിര്‍ത്തിയില്‍ ഉറുദുവില്‍ എഴുതിയ കത്തുമായി ഒരു പ്രാവ് എത്തിയിരുന്നു. ബാമിയല്‍ സെക്ടറിലെ സിംബാള്‍ പോസ്റ്റില്‍ ബി.എസ്.എഫ്. കണ്ടെത്തിയ കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഭീഷണിയാണ് കുറിച്ചിരുന്നത്. സെപ്തംബര്‍ 23ന് പഞ്ചാബിലെ ഹോഷിയാര്‍പൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post