മുംബൈ: 18-ാമത് മുംബൈ ചലച്ചിത്രമേളയില്‍ പാക് സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. അക്കാഡമി ഓഫ് മൂവിംഗ് ഇമേജിന്റേതാണ് തീരുമാനം. 1958-ല്‍ പുറത്തിറങ്ങിയ ‘ജഗോ ഹുവാ സവേര’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ദൈനിക് ജഗ്രാന്‍ എന്ന സംഘടന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയതോടെ വിലക്കേര്‍പ്പെടുത്താന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.
പാക് ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ-പാക്ക് ബന്ധം വഷളായിരുന്നു. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിനുശേഷം പാക് കലാകാരന്മാകെ ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍നിന്ന് അകറ്റിനിര്‍ത്തണമെന്ന് ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രമേയവും പാസാക്കിയിരുന്നു.
ഇതിനിടെ പാക്കിസ്ഥാന് താരങ്ങള്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണസേനയും രംഗത്തെത്തിയിരുന്നു. ഇതോടെ പാക് താരങ്ങള്‍ ഇന്ത്യ വിട്ടിരുന്നു. പിന്നീടു പാക് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയും ജനവികാരം ഉണരുകയായിരുന്നു.
പാക്കിസ്ഥാനിയായ എ.ജെ. കര്ദര് സംവിധാനം നിര്‍വഹിച്ച ചിത്രം ഈ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായുള്ള ധാക്കയിലെ (അന്ന് കിഴക്കന്‍ പാക്കിസ്ഥാന്) മത്സ്യത്തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരും ബംഗ്ലാദേശികളുമാണ്.
Discussion about this post