ബീജിംഗ്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുന്ന പോസ്റ്റുകള്‍ക്കെതിരേ ചൈനീസ് ദേശീയമാധ്യമം രംഗത്ത്. ചൈനയുടെ ഉല്‍പ്പന്നങ്ങളോട് കിടപിടിക്കാന്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കാവില്ലെന്നും, ഈ ആഹ്വാനങ്ങള്‍ വിലപ്പോവില്ലെന്നുമാണ് മാദ്ധ്യമത്തിന്റെ പ്രകോപനപരമായ അവകാശവാദം. ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് ഇന്ത്യയിലെ ജനവികാരത്തിനെതിരേ പ്രകോപനപരമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്.
പാകിസ്ഥാന് ചൈനയുടെ പിന്തുണയോടെ ഇന്ത്യയില്‍ നടത്തുന്ന വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലുടനീളം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും ഹാഷ്ടാഗുകളും പ്രചരിച്ചത്. ചൈനയിലെ കമ്പനികളോട് ഇന്ത്യയില്‍ നിക്ഷേപം നടത്തരുതെന്നും, പകരം ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ അവിടെ ചെന്നു വാങ്ങാന്‍ ഇടവരുത്തണമെന്നും മാദ്ധ്യമം മുന്നറിയിപ്പു നല്കുന്നു. സമീപകാലത്ത് ഇന്ത്യന്‍ മാദ്ധ്യമങ്ങളിലും, സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതു സംബന്ധിച്ച ജനങ്ങളുടെ ആഹ്വാനം കേവലം അമിതാവേശം മൂലമാണെന്നാണ് റിപ്പോര്‍ട്ട് പരിഹസിക്കുന്നത്.
ഇന്ത്യയുടെ ഉല്‍പ്പാദനമേഖലയ്ക്ക് ചൈനയോടു കിടപിടിക്കാനാവില്ലെന്ന് അവകാശപ്പെടുന്ന മാദ്ധ്യമം അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുമായി ഇന്ത്യ പുലര്‍ത്തുന്ന നയതന്ത്രബന്ധത്തെയും വിമര്‍ശിക്കുന്നു. അമേരിക്കയ്ക്ക് ചൈനയോട് അസൂയയാണെന്നും കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് ചൈനയുടെ ദേശീയമാദ്ധ്യമം.
Discussion about this post