ഡല്‍ഹി: ഡല്‍ഹിയിലെ മാലിന്യനീക്കത്തിന് ഫലപ്രദമായ നടപടി സ്വീകരിക്കാത്തതില്‍ കെജ്രിവാള് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. പക്ഷിപ്പനിയും ഡെങ്കിയും ചിക്കുന്‍ഗുനിയയും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. മാലിന്യം നീക്കം ചെയ്യാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് കോടതി ചോദിച്ചു. പല സ്ഥലങ്ങളിലും 45 മീറ്റര്‍ വരെ ഉയരത്തില്‍ മാലിന്യക്കൂമ്പാരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരമൊരു സാഹചര്യത്തോട് പ്രതികരിക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും ഭാവിയില്‍ എങ്കിലും മാലിന്യനീക്കത്തിന് ഫലപ്രദമായ നടപടികള്‍ ആവിഷ്കരിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ജസ്റ്റീസ് മഥന്‍ ലോകൂര്‍ അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാലിന്യനീക്കത്തിനുളള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മാലിന്യങ്ങള്‍ നീക്കാത്തതുമൂലം പക്ഷിപ്പനി പോലുളള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണെന്നും ജീവജാലങ്ങള്‍ക്ക് പോലും അത് ഭീഷണിയായി മാറുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും നവംബര്‍ പതിനൊന്നിന് പരിഗണിക്കും.
Discussion about this post