തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കേസെടുത്ത തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസുമായി ബന്ധപ്പെട്ട അന്വേഷണം സുഹൃത്ത് ഡോ. അനിത ജോസിലേക്ക് തിരിയുന്നു. തന്റെ സാമ്പത്തിക സ്രോതസ് ഡോ. അനിത ജോസ് ആണെന്ന് ടോം ജോസ് ഇന്നലെ സൂചിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ ഭൂമി വാങ്ങാന്‍ അനിത ജോസാണ് ഒരു കോടിയിലേറെ സാമ്പത്തിക സഹായം നല്‍കിയതെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രവാസി മലയാളിയായ ഡോ. അനിത ജോസിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.
ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ അനിത ജോസിന്റെ പാസ്ബുക്ക് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശവും അനിതയ്ക്കുണ്ട്. ഇതിനിടെ ടോം ജോസിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി എസ്. വിജയാനന്ദ് വ്യക്തമാക്കി. ഐഎഎസ്-ഐപിഎസ് ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തനിക്ക് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് ടോം ജോസിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ട് മാസമായി പ്രാഥമിക അന്വേഷണം നടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് എഫ്ഐആര്‍. രജിസ്റ്റര്‍ ചെയ്തു.1.19 കോടിയുടെ അനധികൃത സ്വത്ത് ടോം ജോസിനുണ്ടെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ വ്യക്തമാക്കിയത്. 2010 ജനുവരി മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെയുളള കാലയളവിലാണ് ഇത്രയും സ്വത്ത് സമ്പാദിച്ചത്.മഹാരാഷ്ട്രയില്‍ 1.6 കോടിയുടെ ഭൂസ്വത്ത് ഉണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ വാങ്ങിയ ഭൂമിയും അനധികൃത സമ്പാദ്യമാണെന്നു വിജിലന്‍സ് പറയുന്നു.
Discussion about this post