ഡല്‍ഹി: ടാറ്റ കമ്പനിയിലെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്ന് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി. രത്തന്‍ ടാറ്റ യഥാര്‍ഥത്തില്‍ ഒരു ടാറ്റ പോലുമല്ല. അദ്ദേഹത്തിന്റെ പിതാവ് ദത്തെടുക്കപ്പെട്ടയാളാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. സൈറസ് മിസ്ത്രിയോട് രത്തന്‍ ടാറ്റ ചെയ്യുന്നത് അനീതിയാണ്. രണ്ടു മാസം മുന്‍പ് മിസ്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കമ്പനി ബോര്‍ഡ് അംഗങ്ങളെല്ലാം അഭിനന്ദിച്ചതാണ്. ഇപ്പോള്‍ സംഭവിച്ചതെല്ലാം രത്തന്‍ ടാറ്റയുടെ അസൂയയുടെ ഫലമാണ്. ടുജി അഴിമതി അടക്കം നിരവധി അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് രത്തന്‍ ടാറ്റയെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
അഴിമതി കേസുകളില്‍ പിടിക്കപ്പെടാതിരിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും രത്തന്‍ ടാറ്റ എടുത്തിട്ടുണ്ട്. എന്നാല്‍ പിടിക്കപ്പെട്ടാല്‍ ഒരിക്കലും രക്ഷപ്പെടില്ല. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും രത്തന്‍ ടാറ്റ നടത്തിയിട്ടുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കി.
ചെയര്മാന് സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി, താല്കാലിക ചെയര്മാന് സ്ഥാനം രത്തന്‍ ടാറ്റ ഏറ്റെടുത്തിരുന്നു. നാലു മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനായി രത്തന്‍ ടാറ്റയെ ഉള്‍പ്പെടുത്തി സെലക്ഷന് കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു.
Discussion about this post