ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വന്‍രീതിയില്‍ പ്രബലമാക്കാന്‍ നിരത്തുകള്‍ രഥങ്ങളെയും പ്രചരണ വാഹനങ്ങളെയും കൊണ്ട് നിറക്കാനൊരുങ്ങി ബിജെപി. ഈ ആഴ്ച സംസ്ഥാനം ഉടനീളമാണ് രഥയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രഥമുരുണ്ടു തുടങ്ങുമ്പോള്‍ പരിവര്‍ത്തന്‍ യാത്രയുമായിട്ടാണ് ബിജെപി ഞായറാഴ്ച എത്തും. തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ മൂലകളില്‍ നിന്നും രഥങ്ങള്‍ ഉരുണ്ടു തുടങ്ങും. ഡിസംബര്‍ മുതല്‍ ചെറിയ രഥങ്ങളുടെ ഒരു പരമ്പര തന്നെ പുറപ്പെട്ടു തുടങ്ങും. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ 400 രഥങ്ങള്‍ പ്രചരണത്തിനായി ഇറങ്ങും. ബസുകള്‍ക്ക് പകരം ഇത്തവണ ഡിജിറ്റല്‍ പ്രചരണ മാധ്യമങ്ങള്‍ ഉള്‍പ്പെടുത്തി കാറുകള്‍ അലങ്കാരം ചെയ്തെടുത്താണ് രഥമാക്കി മാറ്റുന്നത്. നാലു പ്രമുഖ രഥയാത്രകള്‍ക്ക് പുറമേ പരിവര്‍ത്തന യാത്രയുമായി ബന്ധപ്പെട്ട് അനേകം ചെറിയ രഥങ്ങളാണ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്.
തീം മെസേജായി എട്ട് മിനിറ്റ് വരുന്ന രണ്ടു പാട്ടുകള്‍ ബിജെപി പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാനായി തയ്യാറാക്കി വെച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏതിരേയുള്ള കുറ്റകൃത്യങ്ങള്‍, തൊഴിലില്ലായ്മ മൂലം നാട്ടുകാര്‍ സംസ്ഥാനം വിടുന്നത്, ഭൂമി തട്ടിയെടുക്കല്‍ സമാജ്വാദി പാര്‍ട്ടിയുടെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും അഴിമതി എന്നിവ പരാമര്‍ശിക്കുന്ന പാട്ടുകളാണ് ബിജെപി പ്രചരണായുധമാക്കാന്‍ ഒരുങ്ങുന്നത്. ഒരു പാട്ട് പാടുന്നത് പ്രമുഖ ഗായകന് ഉദിത് നാരായണനാണ്.
ഇവയ്ക്കൊപ്പം റേഡിയോയിലും പ്രചരണ വാഹനങ്ങളിലും മറ്റും ഉപയോഗിക്കാന്‍ എട്ട് ജിംഗിളുകളും അണിയറയില്‍ ആദ്യ ഘട്ടത്തില്‍ ഒരുങ്ങുന്നു. ‘ഗുണ്ടകളും അഴിമതിയും വേണ്ട; ഇത്തവണ ബിജെപി’ എന്നതാണ് പ്രചരണ വാചകം.
Discussion about this post