അബുദാബി: സൗരോര്‍ജത്തില്‍ പറക്കുന്ന ആദ്യത്തെ വിമാനം ലോകസഞ്ചാരം ആരംഭിച്ചു. ഇന്നു രാവിലെ അബുദാബിയിലെ അല്‍ ബതീന്‍ എക്സിക്യുട്ടീവ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പത്തുമണിക്കൂറിന് ശേഷം മസ്കറ്റില്‍ പറന്നിറങ്ങും.മസ്കറ്റില്‍നിന്ന് പിന്നീട് ഇന്ത്യയിലേക്കായിരിക്കും വിമാനത്തിന്റെ യാത്ര.
സ്വിസ് കേന്ദ്രമായിക്കിയുള്ള സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ഭാഗമായാണ് സൗരോര്‍ജ് വിമാനം നിര്‍മിച്ചത്. സോളാര്‍ ഇംപള്‍സ് സ്ഥാപകന്‍ ആന്ദ്രെ ബോര്‍ഷ്ബെര്‍ഗാണ് ഒരാള്‍ക്കു മാത്രം സഞ്ചരിക്കാവുന്ന ഈ വിമാനത്തിലുള്ളത്. വിമാനത്തിന്റെ ചിറകറ്റങ്ങള്‍ തമ്മില്‍ 72 മീറ്റര്‍ നീളമുണ്ട്. 2300 കിലോഗ്രാമാണ് വിമാനത്തിന്റെ ഭാരം.
ഇന്ത്യയിലെത്തുന്ന വിമാനം അഹമ്മദാബാദിലും വരാണസിയിലും പറന്നിറങ്ങും . ഇന്ത്യയില്‍നിന്ന് ചൈന, മ്യാന്മര് രാജ്യങ്ങളിലും സഞ്ചരിച്ചശേഷമാണ് പസഫിക്കിനു മുകളിലേക്കു പറക്കുക. ഹവായിലും വിമാനം ഇറങ്ങും. അവിടെനിന്ന് ഫീനിക്സി, അരിസോണ, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളം എന്നിവിടങ്ങളിലും വിമാനം എത്തും. കാലാവസ്ഥ അനുസരിച്ചായിരിക്കും അറ്റ്ലാന്റിക്കിനു മുകളിലൂടെയുള്ള സഞ്ചാരം. അബുദാബിയില്‍ മടങ്ങിയെത്തും മുമ്പ് തെക്കന്‍ യൂറോപ്പിലോ മൊറോക്കോയിലോ വിമാനം ഇറങ്ങും. ജൂലൈയിലോ ഓഗസ്റ്റിലോ വിമാനം അബുദാബിയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
പഴഞ്ചന്‍ രീതിയിലുള്ള സാങ്കേതികവിദ്യകള്‍ക്കു പകരം ശുദ്ധവും കാര്യക്ഷമമവുമായ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുകയാണ് സൗരോര്‍ജ് വിമാനത്തിന്റെ ലക്ഷ്യമെന്ന് ബോര്‍ഷ്ബെര്‍ഗും സോളാര്‍ ഇംപള്‍സിന്റെ സഹസ്ഥാപകനുമായ ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡും പറഞ്ഞു.
Discussion about this post