ഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ കൈമാറാന്‍ എത്തുന്ന ജനങ്ങളില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാന്‍ റിസര്‍വ് ബാങ്കോ, രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ഹെഡ് ഓഫീസുകളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് കൈമാറാന്‍ എത്തുമ്പോള്‍ നിലനില്‍ക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണമെന്ന് മാത്രമാണ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ട് കൈമാറുന്നതിനൊപ്പമുള്ള സ്ലിപ്പില്‍ മാത്രമാണ് ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ നല്‍കേണ്ടതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, എസ്ബിഐ അടക്കമുള്ള രാജ്യത്തെ മിക്ക ബാങ്കുകളിലും നിലവില്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പകര്പ്പില്ലാതെയെത്തുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ പല ബ്രാഞ്ചുകളും സൗകര്യം ഒരുക്കി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, നോട്ട് മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ റിസര്‍വ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു. അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് നോട്ടുമാറാന്‍ എത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇടപാടുകാര്‍ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. ഇതുവരെ നോട്ട് മാറാന്‍ എത്തുന്നവരില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് വാങ്ങി ബാങ്കുകള്‍ സൂക്ഷിച്ചിരുന്നു. ഇനിമുതല്‍ പൂരിപ്പിച്ച അപേക്ഷാ ഫോമിലെ വിവരങ്ങളുമായി ഒറിജിനല്‍ രേഖകള്‍ ചേരുന്നുണ്ടോ എന്നുമാത്രമേ പരിശോധിക്കു. വന്‍ തുകക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് പിന്നീട് റദ്ദാക്കി പണമാക്കി മാറ്റുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ഈ മാസം 24 വരേ 5000 രൂപയിലധികമുള്ള ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നല്‍കേണ്ടതില്ല എന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നോട്ട് മാറ്റുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം.
നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ബാങ്കുകളിലൂടെയും പണം മാറ്റിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.
Discussion about this post