തലശ്ശേരി: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിണറായി സ്വദേശിയായ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി പൊലീസ് പിടിയിലായി. കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തംപുരണ്ട വാള്‍ പൊലീസ് കണ്ടെടുത്തു. പിണറായി പാറപ്രം റോഡിലെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ സൂക്ഷിച്ചനിലയിലാണ് വാള്‍ കണ്ടെടുത്തത്. വാള്‍ കോടതിയുടെ അനുമതിയോടെ ഫോറന്‍സിക് ലാബിലേക്കയക്കും.
കഴിഞ്ഞ 10ന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സി.പി.എം പ്രവര്‍ത്തകരായ പിണറായി കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ് (25), പിണറായി കണ്ണാടിമുക്കിലെ ശരണ്യനിവാസില്‍ ശരത്ത് (23) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വാള്‍ കണ്ടെടുക്കാനായത്. സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നത്.
കഴിഞ്ഞമാസം 12ന് രാവിലെ 10.15നാണ് പിണറായി ഓലയമ്പലത്തെ പെട്രോള്‍ പമ്പിന് സമീപത്ത ലോറി ഡ്രൈവറായ രമിത്ത് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ അഹദിനെയും നിജേഷിനെയും രമിത്തിന്റെ അമ്മയും സഹോദരിയും പിണറായിയിലെ എക്‌സൈസ് ജീവനക്കാരും തിരിച്ചറിഞ്ഞിരുന്നു.
Leave a Comment