കൊല്ലം: കുണ്ടറയില്‍ സി.പി.ഐ നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡോള്‍ഫസ് (62) ആണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ മരുന്ന് വാങ്ങാനായി സി.പി.ഐ പ്രവര്‍ത്തകനായ ആന്റണിയുടെ സ്കൂട്ടറിന്റെ പുറകിലിരുന്ന് കുണ്ടറയിലേക്ക് പോയ ഡോള്ഫസിനേയും സുഹൃത്തിനേയും ഹെല്‍മെറ്റില്ലെന്ന പേരില്‍ പോലീസ് തടഞ്ഞുനിര്‍ത്തിയിരുന്നു.
ബ്രയിന്‍ ട്യൂമര്‍ ബാധിതനായിരുന്ന ഡോള്‍ഫസ് ട്യൂമര്‍ നീക്കം ചെയ്തതിനുശേഷം സ്ഥിരമായി കഴിക്കുന്ന മരുന്ന് വാങ്ങാനായിരുന്നു പോയത്. ഹെല്‍മെറ്റില്ലാത്തതിന് ഫൈന്‍ അടയ്ക്കാമെന്ന് പറഞ്ഞ ഇവരോട് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സ്റ്റേഷനിലേക്ക് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വെച്ച് സബ് ഇന്‍സ്പക്ടര്‍ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്ന് ആന്റണി പറയുന്നു. ഇങ്ങനെയാണോ പോലീസ് പെരുമാറേണ്ടതെന്ന് ചോദിച്ച ഡോള്‍ഫസ്, പൊതുജനങ്ങളോട് നന്നായി പെരുമാറണമെന്ന് പറഞ്ഞത് സബ് ഇന്‍സ്പക്ടര്‍ ബെന്നിലാലിന് ഇഷ്ടപ്പെട്ടില്ലെന്നും ആന്റണി പറയുന്നു.
പരിശോധനയില്‍ ആന്റണി മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ബോധരഹിതനായ ഡോള്‍ഫസിനെ സമീപത്തുള്ള സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെ നിന്ന് കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍വെച്ച് രാത്രി 9 മണിയോടെ ഡോള്‍ഫസ് മരണമടഞ്ഞു.
കെ.എസ്.ഇ.ബിയില്‍ നിന്ന് വിരമിച്ച ഡോള്‍ഫസ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായിരുന്ന ഡോള്‍ഫസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പോലീസ് അതിക്രമം മൂലമാണ് ഡോള്‍ഫസ് മരണമടഞ്ഞതെന്നും കുറ്റവാളികളായ പോലീസുകാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുമെന്നും ഡോള്‍ഫസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞമാസം കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത ദളിത് യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post