കേള്‍ക്കാന്‍ ഒരു സുവിശേഷവുമില്ലാത്ത സഭയില്‍ അന്തിക്രിസ്തുവും ചെകുത്താനുമൊക്കെയാണുള്ളതെന്ന് മാലോകര്‍ക്ക് മനസ്സിലായി തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ചെകുത്താനും അന്തിക്രിസ്തുവിനെയുമല്ലാതെ മറ്റാരെയും കാണാനില്ലാത്തതിന്റെ അങ്കലാപ്പിലാണ് ജനം..
അടുത്ത തെരഞ്ഞെടുപ്പില്‍ പുണ്യാളന്റെ കുപ്പായമിട്ട ഏത് കൊടിപ്പള്ളിയിലാണ് മുട്ടുകുത്തേണ്ടത് എന്നറിയാതെ വിഷമിക്കുന്ന സമയത്താണ് സഭയ്ക്കത്തുള്ളവര് തന്നെ ചെകുത്താനും, അന്തിക്രിസ്തുവിനും സ്തുതി പറഞ്ഞ് ‘വിശുദ്ധയുദ്ധം’-നടത്തുന്നത്.
ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം എന്നാണ് വിഎസിന്റെ ചോദ്യം. വചനം സത്യമാകുന്ന കാലത്ത് മാണി നരകത്തില്‍ പോകുമെന്നും വി.എസ് പറഞ്ഞു.
വത്തിക്കാനില്‍ വരെ കസേരയുള്ള ബ്രദര്‍ ക്ഷമിക്കുമോ വി.എസ് അന്തിക്രിസ്തുവാണെന്നാണ് സാറിന്റെ തിരിച്ചടി..
വചനം സത്യമാകുന്ന കാലത്തിനായി കാത്തിരിക്കുന്ന വിഎസിനെ അന്തിക്രിസ്തുവെന്ന് പറഞ്ഞത് ശരിയാണോ ..സാറെ…
പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇരുത്തിപൊരിച്ചവരുടെ തലയില്‍ ഇടത്തീ വീഴട്ടെ എന്ന് പറഞ്ഞ് കസേരയും തൂത്ത് ഇറങ്ങിപോന്ന വിയെസിന് ഉപമിക്കാന്‍ എത്ര വാക്കുകള്‍ വേറെയുണ്ട്.
ഇതെല്ലാം കേട്ട് സഭയ്ക്കകത്ത് ചിലരുണ്ട്. ചെകുത്താനും കടലിനും ഇടയില്‍ കിടന്നും നടന്നും മുള്ളുന്ന ഉമ്മന്സാറിനെ പോലെ ചിലര്‍. ഇവരെ എന്ത് പേരിട്ട് വിളിയ്ക്കും. അതിന് മാത്രം മോശം കഥാപാത്രങ്ങളൊക്കെ ബൈബിളിലുണ്ടാകുമോ..സാര്‍…പുരാണ കഥാപാത്രങ്ങളും, ബഷീറിയന്‍ കഥാപാത്രങ്ങളുമായി സ്വയം ഞെളിഞ്ഞിരുന്ന നേതാക്കളെ ബൈബിള്‍ വച്ച് ആക്രമിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം..മതേതരത്വം കൈവെടിയരുത്. ജിന്നും, അസുരരുമായി മുസ്ലിം, ഹിന്ദു ഗ്രന്ഥങ്ങളെയും പരിഗണിക്കണം…
അവിടെയാകുമ്പോള്‍ ഇഷ്ടം പോലെ എടുത്തുപയോഗിക്കാന്‍ തരത്തിലുള്ള കഥാപാത്രങ്ങളുണ്ട് പക്ഷേ സഭയിലെ പലര്‍ക്കും ആ പേരുകള്‍ പോരാതെ വരുമോ എന്നാണ് സംശയം.
ചെകുത്താനാര്, അന്തിക്രിസ്തുവാര്, എട്ടുകാലി മമ്മൂഞ്ഞാര്, ഭസ്മാസുരനാര് എന്നൊക്കെ സഭ രജിസ്ട്രറില്‍ തന്നെ രേഖപ്പെടുത്തുന്നതും മാറി മാറി വിളിക്കുന്നതും നന്നാകും…ബാലറ്റ് പേപ്പറില്‍ വോട്ടേഴ്സ് ലിസ്റ്റിലുള്ള പേരിനൊപ്പം ബ്രാക്കറ്റില്‍ ജനങ്ങള്‍ ആ പേര് രേഖപ്പെടുത്തി കൊള്ളും…
അണ്ടനും അടകോടനും എന്ന പ്രയോഗം നാട്ടിലുള്ള പാവങ്ങളെ ഉദ്ദേശിച്ചാണ്. പാവങ്ങള്‍ മോശക്കാരെന്നാണ് ആ പദത്തിന്റെ അര്‍ത്ഥം..പലയിടത്തും തെറ്റായി ഉച്ചരിക്കപ്പെട്ട ആ വാക്കുകള്‍ക്ക് പിന്നിലുള്ള ആം ആദ്മികളാണ് സത്യത്തില്‍ എല്ലാത്തിന്റെയും ഉത്തരവാദികള്‍..
സാറിത്ര നാളും ഇടതിനും, വലതിനും എല്ലാം പുണ്യാളനായിരുന്നു.. അങ്ങോട്ടും ഇങ്ങോട്ടും ചാടാവുന്ന നിലയില്‍ മുഖ്യമന്ത്രി പദത്തിന് വരെ ആളായ സാഹചര്യമാണ്..സാറിനെ ചെകുത്താനാക്കിയത്.. ഇവിടെന്ന് പോയാല്‍ അവ്ടെ എടുക്കാതിരിക്കാന്‍ ശരീരത്തില്‍ ദുര്‍ഗന്ധം പൂശുക, അവിടന്ന് ഇങ്ങോട്ട് വരാത്തതിന്റെ കെറുവില്‍ ഇതുവരെ കണ്ണടച്ച് കണ്ട ചിലതുകള്‍ വിളിച്ച് പറയുക…
അങ്ങനെ പുണ്യാളന്മാരുടെ തൊലിയുരിക്കുന്ന ചടങ്ങുകള്‍ പല നാളായി നാട് കാണുന്നുണ്ട്.
ആട്ടിന്‍തോലിട്ട സാറന്മാരും, ദൃംഷ്ട ഒളിപ്പിച്ച് വച്ച അസുരന്മാരും, വെള്ളവസ്ത്രം ഉടുത്ത പരനാറികളും കൂടി സഭ പങ്കിട്ടെടുത്തതിന്റെ ഗതികേട് നാട് വല്ലാതെ സഹിക്കുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാം ജനാധിപത്യമായി പോയില്ലെ…അഴിമതിക്കാരെ റോഡില്‍ കൈകാര്യം ചെയ്യാം എന്ന് വച്ചാല്‍ അഴിമതിയുടെ സുഖം പേറുന്ന കുട്ടിപട്ടാളം പോലെ അനുയായികളെ ഒരുക്കി വച്ചിരിക്കുകയല്ലെ..തല്ലിക്കാനും, കൊല്ലിക്കാനും, പണം പിരിക്കാനും, ഭീഷണിപ്പെടുത്താനുമായി….
എന്തായാലും ആരാണ് ചെകുത്താന്, ആരാണ് അന്തിക്രിസ്തു എന്നൊക്കെ മനസ്സിലായി..പക്ഷേ വോട്ട് ചെയ്ത വിജയിപ്പിച്ച് എല്ലാവരെയും അങ്ങോട്ട് വിട്ട പാവം ജനങ്ങളെ എന്ത് വിളിക്കും സാര്‍….സുവിശേഷങ്ങള്‍ക്ക് പകരം ചീഞ്ഞ കാഴ്ചകള്‍ കണ്ട് കാഴ്ച നഷ്ടപ്പെട്ട, ചീത്ത വാക്കുകള്‍ കേട്ട് ചെവിയടഞ്ഞ, ദുര്‍ഗന്ധത്തില്‍ കിടന്ന് മണം നഷ്ടപ്പെട്ട…രൂചിയും ഗുണവുമില്ലാതെ നിങ്ങള്‍ മാറ്റിയെടുത്ത ജനങ്ങളെ എന്ത് വിളിക്കും സാര്‍..ബൈബിളില്‍ അതിന് പറ്റിയ വാക്കുണ്ടെങ്കില്‍ തപ്പിനോക്കണം..അടുത്ത ദിവസം സഭയില്‍ പറയണം..കഴുത എന്ന വിളി കേട്ട് കഴുതയ്ക്ക് പോലും നാണമായി തുടങ്ങി സാര്‍…
Discussion about this post