ഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥരെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടി.കെ.എ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന് എന്നിവരെ ചോദ്യം ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ, മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.
ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എസ്.പി. ത്യാഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ പ്രധാനമന്ത്രിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യുന്നതിലേക്ക് സി.ബി.ഐ നീങ്ങുന്നത്. കോപ്ടറിന്റെ സാങ്കേതിക സംവിധാനങ്ങളില്‍ അഗസ്റ്റ വെസ്റ്റ്ലന്ഡ് കമ്പനിക്ക് അനുകൂലമായി ഇളവ് വരുത്താനുള്ള തീരുമാനം ഉണ്ടായത് രണ്ടാം യു.പി.എ കാലത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലാണെന്ന് ത്യാഗി സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഹെലിക്കോപ്റ്ററുകള്‍ വാങ്ങണമെങ്കില്‍ അവയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്ന് ത്യാഗിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവും മുന്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് ത്യാഗിയുടെ അറസ്റ്റും മുന്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിനുള്ള നീക്കവും.
Discussion about this post