തൃശ്ശൂര്‍: ഐഎഫ്എഫ്കെയില് ദേശീയഗാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ വീടിന് മുമ്പില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിനൊടുവില്‍ പ്രതിഷേധക്കാര്‍ ദേശീയഗാനം ആലപിച്ചു. കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു.
ചലച്ചിത്ര മേളയില്‍ സിനിമകള്‍ക്ക് മുന്‍പായി ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയിരുന്നു. ഇത് കമലിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് ബിജെപിയുടെ ആരോപണം.
കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. അതുകൊണ്ടു തന്നെ അവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കമല്‍ തന്റെ നിലപാട് വ്യക്തമാക്കേണ്ടതാണെന്നും ബിജെപി പറഞ്ഞു. കമല്‍ മാപ്പ് പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധക്കാരെ ഭയക്കുന്നില്ലെന്ന് കമല്‍. ദേശീയതയുടെ അപ്പസ്തോലന്മാരായി ചമഞ്ഞ് ചിലര്‍ ദേശീയ ഗാനത്തെ അവഹേളിക്കുന്നുവെന്നും കമല്‍ പറഞ്ഞു. ദേശീയഗാനം ചൊല്ലുന്നതിനെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. തന്റെ വീട്ടിലേക്കുള്ള റോഡിലിരുന്ന് ദേശീയഗാനം പാടുന്ന ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന് സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post