ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ അഴിമതി ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മോദി അഴിമതി നടത്തിയതായി വ്യക്തമാക്കുന്ന തെളിവുകള്‍ രാഹുല്‍ ഗാന്ധിയുടെ കൈവശമുണ്ടെങ്കില്‍ അത് പുറത്തുവിടാത്തതെന്താണെന്ന് കെജ്രിവാള് ചോദിച്ചു.
അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസ് ബിജെപി, കോണ്‍ഗ്രസിനെതിരായി ഉയര്‍ത്തിക്കാട്ടുമ്പോള്‍, കോണ്‍ഗ്രസ് സഹാറ കേസ് ബിജെപിയ്ക്കെതിരായി ഉയര്‍ത്തുന്നു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടത്തുന്നത് സൗഹൃദ മത്സരമാണെന്നും അദ്ദേഹം ആരോപിച്ചു.
നരേന്ദ്രമോദി അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ലോക്സഭയില്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കും. എന്നാല്‍ അതൊഴിവാക്കാന് വേണ്ടിയാണ് മോദിയും എംപിമാരും സഭ തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ നിരാശയുടെ ലക്ഷണമാണെന്നും ഇതിന് അദ്ദേഹം രാജ്യത്തോട് മാപ്പു പറയണമെന്നും ബിജെപി പറഞ്ഞിരുന്നു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പുതിയ കോണ്‍ഗ്രസ് പുതിയ ആരോപണങ്ങളുന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ആരോപിച്ചു.
Discussion about this post