കാണ്‍പൂര്‍: താന്‍ അഴിമതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചകളില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. രാജ്യം കള്ളപ്പണത്തിനെതിരെ ഒരുമിച്ച് നിന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന നിയന്ത്രിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. കാണ്‍പുരിലെ ബിജെപി പരിവര്‍ത്തന്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജ കാണുന്നു. മാറ്റത്തിന്റെ ചെറിയ കാറ്റല്ല വീശുന്നത്. പകരം മാറ്റത്തിന്റെ കൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ്. ഉത്തര്‍പ്രദേശിലെ യുവത ഒന്നിക്കുകയാണെങ്കില്‍ ഇന്ത്യയുടെ പുരോഗതിയെ പിന്നെ ആര്‍ക്കും തടയിടാനാകില്ല. രാജ്യത്തെ യുവജനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗതി കൈവരിക്കുകയാണ്. യുവതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. അത് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ ഇന്ത്യയിലെ ജീവിത നിലവാരം ഉയര്‍ത്താന്‍ പുതിയ ഊര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ പ്രശ്നങ്ങളും ആശങ്കകളുമായി നടക്കുകയാണ് മറ്റ് രാഷ്ട്രീയ കക്ഷികള്‍. ജനങ്ങള്‍ക്കായ് ചിലവഴിക്കാന്‍ അവരുടെ പക്കല്‍ സമയമില്ല. അഴിമതി ചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ നല്കാന് രാജ്യത്തിനാദ്യമായ് ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുകയാണ്. രാഷ്ട്രപതി അഭ്യര്‍ഥിച്ചിട്ടു പോലും പ്രതിപക്ഷം സഭാ സ്തംഭനവുമായി മുന്നോട്ടു പോയി. പ്രതിപക്ഷം അഴിമതി ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. രാജ്യം മുഴുവന്‍ മാറുമ്പോള്‍ ഉത്തര്‍പ്രദേശ് ജനതയും മാറ്റത്തെ ഉള്‍ക്കൊള്ളണം. നിങ്ങള്‍ മാറ്റത്തിന് വേണ്ടി വോട്ടു ചെയ്യുമ്പോള്‍ മാത്രമേ അത് സാധ്യമാവൂ.
കള്ളനോട്ടിനെതിരെയും കള്ളപ്പണത്തിനെതിരെയും നമ്മള് നടത്തുന്ന പോരാട്ടങ്ങള്‍ ലക്ഷ്യം കാണുക തന്നെ ചെയ്യും. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഗുണ്ടായിസം കണ്ടു മടുത്തു. അഴിമതി ചെയ്യുന്നവരെയും കള്ളപ്പണക്കാരെയും പ്രീണിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നയം. ആകെയുള്ള 1600 ഗ്രാമങ്ങളില്‍ 70-72 എണ്ണം ഒഴികെയുള്ള മറ്റെല്ലാവര്‍ക്കും വൈദ്യുതി ലഭിച്ചു എന്നത് സന്തോഷം നല്കുന്ന കാര്യമാണ്. ബാക്കിയുള്ള ഗ്രാമങ്ങളിലും താമസിയാതെ വൈദ്യുതിയെത്തും. പക്ഷെ രാജ്യം ഭരിച്ച ഇത്രയും നാള് ഇതൊന്നും ചെയ്യാന്‍ മറ്റുള്ളവര്‍ക്കായില്ല.
ഒരു ഗ്യാസ് സിലിണ്ടര്‍ കിട്ടുക എന്നുള്ളത് എത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആ ദുര്‍ഘടമായ കാര്യം ഇപ്പോള്‍ എത്ര നിസ്സാരമായും വേഗത്തിലുമാണ് നടക്കുന്നത്. മറ്റുള്ളവര്‍ക്ക് മോഷ്ടിക്കാന്‍ ഇടനല്‍കാതെ കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട യൂറിയ കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞു.
ഇന്ന് ബാങ്കുകളെല്ലാം ശക്തമായ നിരീക്ഷണത്തിലാണ്. ഓരോ ദിവസവും എത്ര കള്ളപ്പണക്കാരാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസമായി നിങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ താമസിയാതെ പൂര്‍ണമായി ഇല്ലാതാവുമെന്നും ഡിജിറ്റല്‍ രൂപത്തിലുള്ള പണമിടപാടുകള്‍ കള്ളപ്പണത്തിന് ഇനി അറുതി വരുത്തുമെന്നും മോദി പറഞ്ഞു.
Discussion about this post