ഡല്‍ഹി: ഹോസ്റ്റലില്‍ നിന്ന് കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനൊപ്പം ഹോസ്റ്റല്‍ മുറിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിയെ നുണ പരിശോധനക്ക് വിധേയനാക്കാനൊരുങ്ങി പൊലീസ്. മുഹമ്മദ് കാസിമിന്റെ മൊഴിയില്‍ പോലിസിന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് നടപടി. ക്യാംപസില്‍ രണ്ട് ദിവസമെടുത്ത് നടത്തിയ തിരച്ചിലും ഫലം കാണാതെ വന്നതോടെയാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.
12 എ.സി.പി.മാരും 30 ഇന്‍സ്പെക്ടര്‍മാരും അടക്കം 600 പേരടങ്ങുന്ന വന്‍ പൊലീസ് സംഘമാണ് രണ്ട് ദിവസം ജെ.എന്‍.യു സര്‍വകലാശാല ക്യാംപസില്‍ തിരച്ചില്‍ നടത്തിയത്. പൊലീസ് നായയുടെ സഹായത്തോടെ നജീബിന്റെ മുറി, ഹോസ്റ്റല്‍, ക്ലാസ് റൂം, ക്യാംപസിലെ കാട് മൂടിയ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. എന്നാല്‍ കേസിന് സഹായകരമാകുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നജീബിനൊപ്പം ഹോസ്റ്റല്‍ മുറി പങ്കിട്ടിരുന്ന ബിരുദ വിദ്യാര്‍ഥി മുഹമ്മദ് കാസിമിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. കാസിം നേരത്തെ നല്കിയ മൊഴിയില്‍ സംശയമുണ്ടെന്ന് കാട്ടിയാണ് പരിശോധനയ്ക്ക് വിധേയനാക്കാനുള്ള തീരുമാനം.
നജീബിനെ കാണാതായി 65 ദിവസം പിന്നിട്ടിട്ടും കേസില്‍ ഇപ്പോഴും പൊലീസ് അനാസ്ഥ തുടരുകയാണെന്ന് വിദ്യാര്‍ഥികളും നജീബിന്റെ കുടുംബാംഗങ്ങളും ആരോപിക്കുന്നു. ഈ സാഹചര്യത്തിലല്ല, നേരത്തെ തന്നെ നടത്തേണ്ട തിരച്ചിലായിരുന്നു ഇതെന്നും ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശത്തിന്റെ പശ്ചാലത്തിലാണ് പൊലീസ് ഇപ്പോള്‍ ക്യംപാസില് പരിശോധനക്ക് സന്നദ്ധരായതെന്നും നജീബിന്റെ മാതാവ് ഫാത്തിമ നഫീസ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചു. നേരത്തെ നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ പൊലീസിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നജീബ് അഹമ്മദിന്റെ മാതാവ് യുവാവിനെ തിരഞ്ഞ് നടക്കുകയാണ്. ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും പൊലീസിന് ലഭിക്കാത്തത് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അപകടമെന്തെങ്കിലും സംഭവിച്ചുവെങ്കില്‍ അതിന്റെ വിവരം അറിയേണ്ടതല്ലേയെന്നും ജസ്റ്റിസുമാരായ ജി.എസ് സിസ്താനി, വിനോദ് ഗോയല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചിരുന്നു. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷവിമര്‍ശം ഉന്നയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ക്യാംപസില്‍ തിടുക്കപ്പെട്ടുള്ള പൊലീസ് പരിശോധന.
ജെ.എന്‍.യുവിലെ എം.എസ്.സി ബയോടെക്നോളജി ആദ്യ വര്‍ഷ വിദ്യാര്‍ഥിയായ നജീബിനെ മാണ്ഡവി ഹോസ്റ്റലില്‍ വെച്ച് ഒക്ടോബര്‍ 15 മുതലാണ് കാണാതായത്.
Discussion about this post