ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനം പറഞ്ഞ കാലയളവിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രി ഇന്ന് സാമ്പത്തിക വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള 15 സാമ്പത്തിക വിദഗ്ദ്ധരെയാണ് ക്ഷണിച്ചിട്ടുള്ളത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളും പുതിയ ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായേക്കും. നോട്ട് അസാധുവാക്കലിന് പിന്നാലെ സാധാരണനില കൈവരിക്കാന്‍ പ്രധാനമന്ത്രി മുന്‍കൂറായി പറഞ്ഞ 50 ദിവസത്തെ കാലാവധി ഇന്ന് പൂര്‍ത്തിയാകുകയാണ്.
നീതി ആയോഗ് സിഇഒ അമിതാഭ്കാന്ത്, അംഗങ്ങള്‍ ബിബേക് ദെബ്രോയ്, വി കെ സാരസ്വത്, രമേശ് ചന്ദ് എന്നിവരും കേന്ദ്ര ധനമന്ത്രാലയ വാണിജ്യമന്ത്രാലയ സെക്രട്ടറിമാരും കാനഡ ഒട്ടാവ കാള്സണ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ വിവേക് ദഹേജിയ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് പബഌക് ഫിനാന്‍സ് ആന്റ് പോളിസി ഡയറക്ടര്‍ രതിന്റോയ്, ക്രെഡിറ്റ് സ്യുയിസ് മാനേജിംഗ് ഡയറക്ടര്‍ നീലകണ്ഠ മിശ്രൗ ഓക്സസ് ഇന്‍വെസ്റ്റ്മെന്റ്സ് ചെയര്മാന് സുര്‍ജിത് ഭല്ല എന്നിവരും പങ്കെടുക്കും.
നവംബര്‍ 8 നായിരുന്നു 500, 1000 നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോട് പവര്‍ പോയിന്റ് പ്രസന്റേഷന് വഴി കാര്യം അവതരിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തേ 2016 ബജറ്റിന് പിന്നാലെ 15 വര്‍ഷത്തേക്കുള്ള വികസന സമീപനരേഖ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നീതി ആയോഗിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്യും. ഇത്തവണത്തെ ബജറ്റ് ഫെബ്രുവരി 1 നാണ് നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതും.
Discussion about this post