കൊച്ചി: മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെയെന്ന് നിങ്ങളെപോലെതന്നെ കരുതുന്നയാളാണ് താനെന്നും എന്നാല്‍ കുട്ടികളെ ജയിലിലടച്ച കാര്യത്തിലാണ് തനിക്ക് വിയോജിപ്പെന്നും സംവിധായകന് ആഷിഖ് അബു. മഹാരാജാസ് കോളേജിലെ ചുമരെഴുത്ത് വിവാദത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്കിയ മറുപടിയിലാണ് ആഷിഖ് ഇങ്ങനെ പറയുന്നത്.
കുട്ടികളെ തിരുത്താനും, അച്ചടക്ക നടപടി സ്വീകരിക്കാനും എല്ലാ അധികാരവുമുള്ള പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, പി.ടി.എ തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടായിട്ടുകൂടി കുട്ടികളെ ജയിലില്‍ അടച്ചത് ഒട്ടും ശരിയായ നടപടിയല്ല എന്നുതന്നെയാണ് അഭിപ്രായമെന്നും ആഷിഖ് അബു പറയുന്നു. ഏഴു വര്‍ഷം മഹാരാജാസില്‍ പഠിച്ച ഒരാളെന്ന നിലക്ക് ആ ക്യാമ്പസ്സിന്റെ ചരിത്രം കുറച്ചൊക്കെ അറിയാമെന്നതുകൊണ്ട് വാര്‍ത്ത കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയെന്നും ആഷിഖ് പറയുന്നു.
പ്രക്ഷുബ്ധമായിരുന്നു എല്ലാ കാലവും മഹാരാജാസ്. ജയിലറ കാണിച്ചുപേടിപ്പിച്ചാല്‍ പേടിക്കില്ല എന്ന് മാത്രമല്ല അത് കൂടുതല്‍ പ്രക്ഷുബ്ദമാവുകയേ ഉള്ളൂ, അതാണ് ചരിത്രമെന്നും ആഷിഖ് പറയുന്നു. കോളേജിലെ ചുവരെഴുത്ത് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ആഷിഖ് അബുവും സംവിധായകന് ബി ഉണ്ണികൃഷ്ണനും നേരത്തെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ആഷിക് അബുവിനെപ്പോലെയും ബി ഉണ്ണികൃഷ്ണനെപ്പോലെയും സമൂഹത്തിനു നേര്‍വഴി കാണിച്ചു കൊടുക്കേണ്ട വ്യക്തികള്‍ക്കും പിന്നെ കഥ അറിയാതെ ആട്ടം ആടിയ മാന്യന്മാര്ക്കും ഉള്ള ഒരു ചെറിയ മറുപടിയെന്ന പേരില്‍ പ്രിന്‍സിപ്പാള്‍ ബീന വേണുഗോപാല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് മറുപടിയായാണ് ആഷിഖ് ഇപ്പോള്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാന്യ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍,
മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെയെന്ന് നിങ്ങളെപോലെതന്നെ കരുതുന്നയാളാണ് ഞാനെന്ന് ആദ്യമേ പറയട്ടെ. ആ പോയിന്റില്‍ തര്‍ക്കമില്ല ടീച്ചര്‍. അത് ചെയ്തവരെ തിരുത്തുകയും വേണം. അതിലും തര്‍ക്കമില്ല.
വിയോജിപ്പുള്ളത് മറ്റുപല കാര്യങ്ങളിലുമാണ്. ഉദാഹരണത്തിന് കൂട്ടികളെ ജയിലിലടച്ച കാര്യത്തില്‍. അശ്ലീല ചുമരെഴുത്തു മായ്ചുകളഞ്ഞത് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്, അവിടുത്തെ പുരോഗമന വിദ്യാര്‍ഥിസമൂഹം അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. എതിര്‍ക്കുക തന്നെ ചെയ്യും, അത് തന്നെയാണവര്‍ ചെയ്തതും.
കുട്ടികളെ തിരുത്താനും, അച്ചടക്ക നടപടി സ്വീകരിക്കാനും എല്ലാ അധികാരവമുള്ള പ്രിസിപ്പാള്‍, അധ്യാപകര്‍ PTA തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടായിട്ടുകൂടി കുട്ടികളെ ജയിലില്‍ അടച്ചത് ഒട്ടും ശരിയായ നടപടിയല്ല എന്നുതന്നെയാണ് അഭിപ്രായം. ഏഴു വര്‍ഷം മഹാരാജാസില്‍ പഠിച്ച ഒരാളെന്ന നിലക്ക് ആ ക്യാമ്പസ്സിന്റെ ചരിത്രം കുറച്ചൊക്കെ അറിയാമെന്നത്കൊണ്ട് വാര്‍ത്ത കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി.
സിനിമയിലെ എഡിറ്റിംഗ് എന്ന സങ്കേതത്തെ പറ്റി ടീച്ചര്‍ പരാമര്‍ശിക്കുകയുണ്ടായി, വിഷയങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം കണ്‍ഫ്യൂസിങ് ആണെങ്കിലും അങ്ങനെ ഒരു എഡിറ്റ് മറ്റുവിദ്യാര്ഥികള് ചെയ്തല്ലോ ടീച്ചര്‍. അത് മായ്ച്ചുകളഞ്ഞ കുട്ടികളാണ് ശരി. പോലീസിനെ കൊണ്ട് കുട്ടികളെ ജയിലില്‍ ഇട്ട ടീച്ചറല്ല എന്നുതന്നെ ഉറപ്പിച്ചുപറയുന്നു. പ്രക്ഷുബ്ധമായിരുന്നു ടീച്ചര്‍ എല്ലാ കാലവും മഹാരാജാസ്. ജയിലറ കാണിച്ചുപേടിപ്പിച്ചാല്‍ പേടിക്കില്ല എന്ന് മാത്രമല്ല അത് കൂടുതല്‍ പ്രക്ഷുബ്ദമാവും, അതാണ് ചരിത്രം!.
[fb_pe url=”https://www.facebook.com/aashiq.abu/posts/10154961950993969?pnref=story” bottom=”30″]
Discussion about this post