അയ്യായിരത്തോളം തീയേറ്ററുകളിലായി റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം കൊണ്ടുതന്നെ 100 കോടി ക്ലബ്ബില്‍ കടന്ന ആമിര്ഖാന് ചിത്രം ദംഗല്‍ കാണികളും നിരൂപകരും ചലച്ചിത്രപ്രവര്‍ത്തകരുമെല്ലാം ഒരേസ്വരത്തില്‍ നല്ല അഭിപ്രായം പറഞ്ഞ ചിത്രമാണ്. എന്നാല്‍ ഒരാളില്‍ നിന്ന് മാത്രം വേറിട്ട സ്വരം കേട്ടു. ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്ന മഹാവീര്‍സിങ് ഫോഗട്ടിന്റെ മക്കളായ ഗീതയെയും ബബിതയെയും യഥാര്‍ഥ ജീവിതത്തില്‍ ഗുസ്തി പരിശീലിപ്പിച്ച കോച്ച് പി.ആര്.സോന്ധിയില് നിന്ന്. സിനിമയ്ക്ക് രസം പകരാനായി തന്റെ കഥാപാത്രത്തെ വാസ്തവവിരുദ്ധമായാണ് അവതരിപ്പിച്ചതെന്നായിരുന്നു സോന്ധിയുടെ ആരോപണം.
മഹാവീര്‍സിങ് ഫോഗട്ട് ദംഗലിന്റെ നിര്‍മ്മാതാക്കളോട് തന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയില്ലെന്ന് തനിക്കറിയാമെന്ന് സോന്ധി പറയുന്നു. കാരണം അദ്ദേഹം മാന്യനായ ഒരു മനുഷ്യനാണ്. താന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല. പക്ഷേ പടം കണ്ട തന്റെ വിദ്യാര്‍ഥികള്‍ പറഞ്ഞത് താന്‍ ചെയ്യാത്ത ചില കാര്യങ്ങള്‍ സിനിമയിലെ ഗീതാ ഫോഗട്ടിന്റെ കോച്ച് ചെയ്യുന്നുണ്ടെന്നാണ്. ഒന്നാമതായി ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്കായി അഞ്ച് പരിശീലകര്‍ ഉണ്ടായിരുന്നു. ജോര്‍ജിയയില്‍ നിന്നുള്ള ഒരാള്‍ അടക്കം. എന്തുകൊണ്ടാണ് അതില്‍ തന്നെ മാത്രം കഥാപാത്രമാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. രണ്ടാമത് ക്ലൈമാക്സില്‍ ആമിറിന്റെ കഥാപാത്രത്തെ കോച്ച് പൂട്ടിയിടുന്ന രംഗം. അത് തികച്ചും അസംബന്ധമാണ്. തന്നെ ഏറ്റവും അസ്വസ്ഥനാക്കുന്നത് ആ രംഗമാണെന്നും അദ്ദേഹം പറയുന്നു. സിനിമയ്ക്ക് കൊഴുപ്പേകിയിട്ടുണ്ട് ആ രംഗമെന്നും സിനിമയ്ക്ക് എരിവ് പകരാനായി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും സോന്ധി പറഞ്ഞു. കഥാപാത്രത്തിന്റെ പേര് മാറ്റിയിട്ടുണ്ട്. പക്ഷേ ആ കഥാപാത്രം തന്നെ ഉദ്ദേശിച്ച് ചെയ്തതാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ നിര്‍മ്മാണസമയത്ത് ആമിര്ഖാന് തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ ക്ലൈമാക്സ് സീക്വന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും സോന്ധി പറഞ്ഞിരുന്നു. പാത്രസൃഷ്ടിക്കായി തന്നില്‍ നിന്നും വിവരങ്ങള്‍ സ്വീകരിച്ചുവെങ്കില് എന്തുകൊണ്ടാണ് ഇല്ലാത്തത് കെട്ടിച്ചമച്ചതെന്നും അദ്ദേഹം ആമിറിനോട് ചോദിച്ചിരുന്നു.
എന്നാല്‍ ഗീത ഫോഗട്ടിന്റെ യഥാര്‍ഥ കോച്ചിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആമിര്ഖാന്. എല്ലാ ജീവചരിത്രചിത്രങ്ങളിലും അതിന്റെ സൃഷ്ടാക്കള്‍ അല്‍പ്പം ഭാവന കലര്‍ത്തും. പക്ഷേ കഥയുടെ കാതല്‍ കോട്ടംതട്ടാതെതന്നെ ഉണ്ടാവുമെന്നും എഎന്‍ഐയുടെ ചോദ്യത്തിന് ആമിര്‍ പ്രതികരിച്ചു.
In every biopic little fiction is added but essence of their story is kept intact: Aamir Khan on Geeta Phogat's coach's allegations #Dangal pic.twitter.com/HZBuDVHIrS
— ANI (@ANI) December 29, 2016
ദംഗല്‍ തങ്ങളുടേതാക്കിയിരിക്കുകയാണ് പ്രേക്ഷകര്‍. ഞങ്ങളെ സംബന്ധിച്ച് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണിതെന്നും ആമിര്‍ പറയുന്നു.
Discussion about this post