തൃശ്ശൂര്‍: ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഗുണ്ടാ നേതാവ് കൊടി സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സൂചന. സെല്ലിനുള്ളില്‍ സുനി മൊബൈല്‍ ഉപയോഗിക്കുന്നതിന് തെളിവായി അത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വാര്‍ഡന്റെ ഫോണ്‍ അഴിക്കുള്ളിലൂടെ കടന്ന് പിടിച്ച് പ്രതി മെമ്മറി കാര്‍ഡ് നശിപ്പിച്ചു.
അതേസമയം ജയിലിനുള്ളില്‍ അനുമതിയില്ലാതെ ക്യാമറ പ്രവേശിപ്പിക്കുന്നതും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കുറ്റകരമായതിനാല്‍ വാര്ഡറിനെതിരെ ജയിലര്‍ മെമ്മോ അയച്ചു. എന്നാല്‍ സുനിയുടെ കയ്യില്‍നിന്നു ഫോണ്‍ പിടിച്ചെടുക്കാനോ ഇയാളുടെ ഫോണ്‍വിളി വിവരങ്ങള്‍ കണ്ടെത്താനോ ശ്രമിക്കാതെ സംഭവം മൂടിവയ്ക്കാനാണ് ജയില്‍ അധികൃതരുടെ ശ്രമം. ചില ജീവനക്കാരുടെ സഹായത്തോടെ തടവുകാര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ യഥേഷ്ടം ചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്നതായി നേരത്തെ തന്നെ വ്യക്തമായിരുന്നു. രണ്ടു ദിവസം മുന്‍പു ഡി ബ്ലോക്കിലാണ് പുതിയ വിവാദ സംഭവം.
സുനിയുടെ കയ്യില്‍ എങ്ങനെ ഫോണ്‍ എത്തിയെന്നോ ഈ ഫോണില്‍നിന്ന് ആരെയൊക്കെ ബന്ധപ്പെട്ടെന്നോ അന്വേഷിക്കുന്നതിനു പകരം വാര്ഡറിനെതിരായ നടപടിയില്‍ മാത്രം സംഭവം ഒതുക്കിത്തീര്‍ക്കുകയാണ് ജയില്‍ അധികൃതര്‍. അനുമതി കൂടാതെ ക്യാമറ ജയിലിനുള്ളില്‍ പ്രവേശിപ്പിക്കുകയും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിനു രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ടിപി വധക്കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ സുഗമമായി മൊബൈലും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതായി നേരത്തേ തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടികളൊന്നുമില്ലെന്ന് സമീപ സംഭവം സൂചിപ്പിക്കുന്നു. ചില ജീവനക്കാരുടെ സഹായത്തോടെ തടവുകാര്‍ക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. കൊടി സുനിക്ക് എങ്ങനെ ഫോണ്‍ ലഭിച്ചെന്നോ ഇതില്‍ ആരൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല.
Discussion about this post