ലഖ്നൗ: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഭൂരിഭാഗം എംഎല്‍എമാരും പങ്കെടുത്തതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. എത്ര എംഎല്‍എമാര്‍ എത്തിയെന്ന് വ്യക്തമല്ലെങ്കിലും 229 എംഎല്‍എമാരില്‍ ഭൂരിഭാഗവും അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇവരെക്കൂടാതെ ചില എംഎല്‍സിമാരും മുതിര് നേതാക്കളും യോഗത്തിനെത്തിയിരുന്നു.
അഖിലേഷ് യാദവിനെ എസ്.പി. ദേശീയാധ്യക്ഷന്‍ മുലായം സിങ് യാദവ് വെള്ളിയാഴ്ചയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് അഖിലേഷ്. പിന്തുണ അറിയിച്ച് എത്തിയ എംല്‍എമാരുടെ ഒപ്പ് ശേഖരണത്തിനും നീക്കമുണ്ട്.
സഹോദരനും മുതിര്‍ന്ന പാര്‍ട്ടിനേതാവും അഖിലേഷിന്റെ വിശ്വസ്തനുമായ രാംഗോപാല്‍ യാദവിനെയും മുലായം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാംതവണയാണ് രാംഗോപാലിനെ പാര്‍ട്ടിയില്‍നിന്ന് മുലായം പുറത്താക്കുന്നത്. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന് ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിറകെയാണ് പുറത്താക്കല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.പി.യുടെ 393 അംഗ ഔദ്യോഗിക സ്ഥാനാര്‍ഥിപ്പട്ടിക മുലായം പുറത്തിറക്കിയിരുന്നു. ഇതില്‍ അഖിലേഷിന്റെ വിശ്വസ്തരായ സിറ്റിങ് എം.എല്‍.എ.മാരില്‍ പലരുമില്ല. ഇതിന് ബദലായി അഖിലേഷും 235 അംഗ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കിയിരുന്നു.
Discussion about this post