കൊച്ചി: സംസ്ഥാനത്ത് സിനിമാ പ്രതിസന്ധി രൂക്ഷമാകുന്നു. തീയറ്റര്‍ വിഹിതത്തെ ചൊല്ലി എ ക്ലാസ് തീയറ്ററുടമകളും നിര്‍മാതാക്കളും തമ്മില്‍ തുടരുന്ന തര്‍ക്കം മൂലം പുതിയ സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു. നിലവില്‍ തീയറ്ററിലുണ്ടായിരുന്ന മലയാള ചിത്രങ്ങളും പിന്‍വലിച്ചിരുന്നു. ഇതോടെ പല എ ക്ലാസ് തീയറ്ററുകളും അടച്ചിടേണ്ട സ്ഥിതിയിലായി. ഇതോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ എ ക്ലാസ് തീയറ്ററുകളും അടച്ചിടാന്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് ആലോചിക്കുന്നത്. ഇക്കാര്യം 10ന് കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.
നിലവില്‍ പ്രദര്‍ശനത്തിനുള്ള അന്യഭാഷ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് തീയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ക്രിസ്മസിന് മുന്‍പ് ആരംഭിച്ച സിനിമ പ്രതിസന്ധി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആദ്യം വിളിച്ച യോഗം പരാജയപ്പെട്ടിരുന്നു. തീയറ്ററുടമകളും നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. പിന്നീട് സിനിമ മേഖലയിലെ സംഘടന നേതാക്കള്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ സമരം തീര്‍ക്കാന്‍ ആരും മുന്‍കൈയെടുത്തില്ല. പുതിയ മലയാള സിനിമയുടെ റിലീസ് മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെ ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രങ്ങളാണ് സമരം തീരുന്നതും കാത്തിരിക്കുന്നത്.
Discussion about this post